ജി എസ് ടി ; വന്‍കിട വിതരണക്കാര്‍ സ്‌റ്റോക്ക് എടുക്കുന്നത് നിര്‍ത്തി

മുംബൈ: ജി എസ് ടി വരുന്നത് ലാഭത്തെ ബാധിക്കുമെന്ന് കരുതി വന്‍കിട മൊത്തവിതരണക്കാര്‍ സ്‌റ്റോക്ക് എടുക്കുന്നത് നിര്‍ത്തി.

ജിഎസ്ടി നടപ്പാക്കുമ്പോള്‍ നിലവിലുള്ള ലാഭം നിലനിര്‍ത്താന്‍ കമ്പനികള്‍ തയ്യാറാകുകയാണെങ്കില്‍ സ്റ്റോക്കെടുക്കാമെന്നാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ്, റിലയന്‍സ് റീട്ടെയില്‍, ടാറ്റ ഗ്രൂപ്പ്, ഡി മാര്‍ട്ട്, ആദിത്യ ബിര്‍ള റീട്ടെയില്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ നിലപാട്.

ജൂലായ് ഒന്ന് മുതല്‍ ചരക്ക് സേവന നികുതി നടപ്പാക്കുന്നതിനാല്‍ വിവിധ ഉത്പന്നങ്ങളുടെ നികുതി നിരക്കില്‍ വ്യതിയാനമുണ്ടാകുമെന്നതിനാലാണിത്.

ഉത്പന്നങ്ങള്‍ക്ക് നിലവിലുള്ള എം ആര്‍ പി യില്‍നിന്ന് ജൂലായ് ഒന്നു മുതല്‍ വ്യത്യാസം വരും. രണ്ട് എം ആര്‍ പി യില്‍ ഒരു ഉത്പന്നം വിറ്റഴിക്കാന്‍ പ്രയാസമാണെന്നതിനാലാണ് സ്റ്റോക്ക് എടുക്കുന്നത് നിര്‍ത്തിയതെന്ന് വ്യാപാരികള്‍ പറയുന്നു.

സ്റ്റോക്കെടുത്താല്‍ വിറ്റഴിക്കാന്‍ കഴിയാത്ത ഉത്പന്നങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് വ്യക്തതവേണമെന്നാണ് റീട്ടെയില്‍ സ്ഥാപനങ്ങളുടെ ആവശ്യം.

എന്നാല്‍ ചരക്കു സേവന നികുതിക്ക് ഇന്ത്യന്‍ വ്യവസായ മേഖല തയ്യാറെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

Top