ജിഎസ്എൽവി എഫ്12 വിക്ഷേപണം വിജയകരം

തിരുവനന്തപുരം : ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01ന്റെ വിക്ഷേപണം വിജയകരം. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. വിക്ഷേപണ ശേഷിയുടെ കാര്യത്തിൽ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജിഎസ്എൽവിയാണ് എൻവിഎസിനെ ഭ്രമണപഥത്തിൽ എത്തിച്ചത്.

ജിയോ സിൻക്രണസ് ലോഞ്ച് വെഹിക്കിൾ. അഥവാ ജിഎസ്എൽവി. ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച ആദ്യ ഇന്ത്യൻ റോക്കറ്റ്. ഭൂസ്ഥിര ഭ്രമണപഥങ്ങളിലേക്ക് സ്വന്തം നിലയ്ക്ക് ഉപഗ്രഹങ്ങളയക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയ റോക്കറ്റ്. നിലവിലേതടക്കം ഇത് വരെ 15 ദൗത്യങ്ങൾ അതിൽ ഒമ്പത് എണ്ണം വിജയം. നാല് ദൗത്യങ്ങൾ സമ്പൂർണ പരാജയം. രണ്ട് ഭാഗിക പരാജയങ്ങൾ, ഇതാണ് ജിഎസ്എൽവിയുടെ ട്രാക്ക് റെക്കോർഡ്.

നാസ ഐഎസ്ആർഒ സംയുക്ത ദൗത്യമായ നിസാർ മുതൽ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ രണ്ട് ഐഡിആർഎസ്എസ് ഉപഗ്രഹങ്ങൾ വരെ വിക്ഷേപിക്കാൻ നിലവിൽ ജിഎസ്എൽവിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇത്തവണത്തെ വിജയം ഈ ദൌത്യങ്ങൾക്ക് കൂടി ഊർജം നൽകുകയാണ് ഐഎസ്ആർഒയ്ക്ക്.

തദ്ദേശീയ ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുള്ള ആറാം വിക്ഷേപണം കൂടിയാണ് ജിഎസ്എൽവി എഫ് 12 ദൗത്യം. എൻവിഎസ് 01 ഇന്ത്യയ്ക്കും ഐഎസ്ആർഒയ്ക്കും പ്രധാനപ്പെട്ടതാണ്. നിലവിൽ ഏഴ് ഉപഗ്രഹങ്ങൾ അടങ്ങുന്നതാണ് ഇന്ത്യയുടെ നാവിക് ശൃംഖല. എൻവിഎസ് ശ്രേണിയിൽ പദ്ധതിയിട്ടിരിക്കുന്ന അഞ്ച് ഉപഗ്രങ്ങൾ കൂടിയെത്തിയാൽ നാവിക് കൂടുതൽ കാര്യക്ഷമമാകും. തദ്ദേശീയമായി നിർമ്മിച്ച അറ്റോമിക് ക്ലോക്ക് ഉപയോഗിക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എൻവിഎസ് 01. പന്ത്രണ്ട് വർഷം കാലാവധിയാണ് ഇപ്പോൾ എൻവിഎസ് ഉപഗ്രങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്നത്.

Top