ജി സാറ്റ് 9-ന്റെ വിക്ഷേപണ വിജയത്തില്‍ മോദിയെ അഭിനന്ദിച്ച് സാര്‍ക്ക് നേതാക്കള്‍

ന്യൂഡല്‍ഹി: അയല്‍ക്കാര്‍ക്കുള്ള ഇന്ത്യന്‍ സമ്മാനത്തെ സമ്മാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഗുണഭോക്താക്കളായ സാര്‍ക്ക് നേതാക്കള്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കു സൗജന്യമായി ഉപയോഗിക്കാനുള്ള കൃത്രിമോപഗ്രഹം നിര്‍മിച്ച് വിക്ഷേപിക്കാമെന്ന ആശയം മുന്നോട്ടുവച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ദക്ഷിണേഷ്യന്‍ ജനതയുടെ സമഗ്ര വികസനത്തിനു ഇന്ത്യയുടെ ചുവടുവയ്പ് സഹായിക്കുമെന്നു ഏവരും ഒരേസ്വരത്തില്‍ പറയുന്നു.

ദക്ഷിണേഷ്യന്‍ സാറ്റലൈറ്റ് വിക്ഷേപണം പ്രകൃതിയെ കുറിച്ച് അറിയാനുള്ള സുപ്രധാന ചുവടുവയ്പാണെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് മുഹമ്മദ് അഫ്‌റഫ് ഗനി അഭിപ്രായപ്പെട്ടു. വികസനം ജനങ്ങള്‍ക്കു വേണ്ടിയാകണം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഭരണനേട്ടങ്ങള്‍ ലഭ്യമാകണം. പാവങ്ങള്‍ക്കും അധഃസ്ഥിതര്‍ക്കും ഏറെ ഗുണകരമാകും ഈ സഹകരണമെന്നും ഗനി പറഞ്ഞു. ഈ സുപ്രധാന നിമിഷത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതായി ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ പുരോഗതിക്കു ദക്ഷിണേഷ്യന്‍ സാറ്റലൈറ്റ് സഹായകരമാകുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. സൗഹൃദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ഉദാഹരണമാണ് ഇന്ത്യയുടെ സമ്മാനമെന്നു ഭൂട്ടാന്‍ പ്രധാനമന്ത്രി ഷിറിങ് ടോഗ്‌ബെ അഭിപ്രായപ്പെട്ടു. ഈ മേഖലയുടെ സമഗ്ര വളര്‍ച്ചക്കിത് സഹായിക്കും. ഭൂട്ടാന്‍ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യയുടെ വികസനത്തിനായി ദീര്‍ഘദര്‍ശനത്തോടെ പ്രവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ നന്ദി. പ്രാദേശിക സഹകരണത്തിനു വിക്ഷേപണം മുതല്‍ക്കൂട്ടാണെന്നും ടോഗ്‌ബെ പറഞ്ഞു.

അയല്‍രാജ്യങ്ങളോടുള്ള ഇന്ത്യയുടെ പ്രഥമപരിഗണനയുടെ ഉദാഹരണമാണിതെന്ന് മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീന്‍ അബ്ദുള്‍ ഗയൂം പറഞ്ഞു. സന്തോഷം നിറഞ്ഞ വേളയില്‍ പ്രധാനമന്ത്രിക്ക് മാലദ്വീപിന്റെ നന്ദി. പൊതുനന്മയ്ക്കും മികച്ച സാമ്പത്തിക അവസരങ്ങള്‍ക്കുമായി ഒരുമിച്ച് ജോലിചെയ്യാം. സബ്കാ സാത്ത് സബ്കാ വികാസ് ഗയൂം പറഞ്ഞു.

സാറ്റലൈറ്റ് വിക്ഷേപണം നേപ്പാളിന്റെ പര്‍വത പ്രദേശത്തു ആശയവിനിമയത്തിനു സഹായിക്കുമെന്നു പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പറഞ്ഞു. മേഖലയിലെ സമ്പദ് വ്യവസ്ഥ പോഷിപ്പിക്കാനും ദാരിദ്ര്യം ഇല്ലാതാക്കാനും ഇന്ത്യയുടെ നിലപാട് സഹായിക്കുമെന്നു ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു.

Top