വികസനം നല്ലത് തന്നെ; പക്ഷെ മതേതരത്വം വേണ്ടെന്ന് ശിവസേന

വികസനം എന്നത് എല്ലാവരിലേക്കും എത്തിച്ചേരുമ്പോഴാണ് അത് ശരിയായ വികസനമാകുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുദ്രാവാക്യവും ഇതുതന്നെ. എന്നാല്‍ ബിജെപി സഖ്യത്തില്‍ നിന്നും പിന്‍വാങ്ങിയ ശിവസേനയുടെ ത്രികക്ഷി സര്‍ക്കാരും ഈ മുദ്രാവാക്യത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിന്റെ പുതിയ സഖ്യത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാരിന്റെ കോമണ്‍ മിനിമം പ്രോഗ്രാമില്‍ വികസനം ഉറപ്പാക്കാന്‍ ധാരണ ആയെങ്കിലും ഒരു വിഷയത്തില്‍ മാത്രം കക്ഷികള്‍ വ്യത്യസ്ത അഭിപ്രായത്തിലാണ്.

മതേതരത്വമാണ് ശിവസേന എതിര്‍ക്കുന്ന വിഷയമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോമണ്‍ മിനിമം പ്രോഗ്രാമില്‍ നിന്നും മതേതരത്വം എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ കോണ്‍ഗ്രസിനെ പിന്തിരിപ്പിക്കാന്‍ ശിവസേന വിജയിച്ചെന്നാണ് സൂചന. ത്രികക്ഷി സര്‍ക്കാരിന്റെ വാഗ്ദാനങ്ങളില്‍ മതേതരത്വം എന്ന വാക്ക് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. മുംബൈ ശിവാജി പാര്‍ക്കില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ സേനാ മേധാവി ഉദ്ധവ് താക്കറെ ഒരുങ്ങവെയാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പറയുന്ന മഹാ വികാസ് അഗഡി എല്ലാവരുടെയും വളര്‍ച്ചയ്ക്ക് പുറമെ കര്‍ഷകരുടെ ക്ഷേമവും ലക്ഷ്യം വെയ്ക്കും. കോണ്‍ഗ്രസില്‍ നിന്നും ഒരാളാകും സ്പീക്കറാകുകയെന്നാണ് കരുതുന്നത്. പ്രഥ്വിരാജ് ചവാന്‍, അശോക് ചവാന്‍ എന്നിവരില്‍ ഒരാളാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെടുക.

കോണ്‍ഗ്രസില്‍ നിന്നും രണ്ട് പേരെങ്കിലും ഇന്ന് മന്ത്രിമാരായി ചുമതല ഏല്‍ക്കണമെന്നാണ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് തെരഞ്ഞെടുത്തിട്ടുള്ള ഒരാള്‍ ബാലാസാബെഹ് തൊറാട്ടാണ്. ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം കോമണ്‍ മിനിമം പ്രോഗ്രാം പുറത്തിറക്കും. മഹാരാഷ്ട്രയുടെ 59ാമത് മുഖ്യമന്ത്രിയാണ് ഉദ്ധവ്.

Top