പ്രതിഷേധിച്ച് കേരളം വിട്ട സംഘങ്ങൾ പോയതിലും സ്പീഡിൽ തിരിക്കുന്നു ?

കാര്യങ്ങള്‍ അങ്ങനെയാണ്, അനുഭവിച്ചാലേ, ചിലരെല്ലാം പഠിക്കൂ.

പ്രതിഷേധ കൊടി ഉയര്‍ത്തി കേരളം വിട്ട അതിഥി തൊഴിലാളികളുടെ അവസ്ഥയാണിത്. എങ്ങനെയും തിരികെ എത്താനാണ് ഇവരില്‍ ഭൂരിപക്ഷവും നിലവില്‍ ശ്രമിക്കുന്നത്.

ബീഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് പോയവര്‍ക്കാണ് ഈ മനംമാറ്റം.

കേരളത്തിലേയ്ക്ക് തിരികെ വരാനുള്ള പാസിനായി, നൂറിലധികം അപേക്ഷകളാണ്, ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആവശ്യപ്പെടുന്ന ഭക്ഷണം, കൃത്യമായ വൈദ്യപരിശോധന, താമസിക്കാന്‍ സൗകര്യം എന്നിവയാണ് ഇവിടെ അതിഥി തൊഴിലാളികള്‍ക്കുള്ളത്. എന്നാല്‍ കേരളത്തോട് ഗുഡ് ബൈ പറഞ്ഞവര്‍ക്ക് കിടക്കാന്‍ പോലും മതിയായ സൗകര്യമുണ്ടായിരുന്നില്ല. ക്വാറന്റീന്‍ സെന്ററുകളില്‍, ഹാളില്‍ നിലത്ത് കള്ളി വരച്ച് അവിടെ കിടക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതു സംബന്ധമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളിലും വ്യാപകമാണ്.

migrant

migrant

ശരിക്കും ഭക്ഷണവും ഉറക്കവും ലഭിക്കാത്ത അവസ്ഥയാണിതെന്നാണ്, അതിഥി തൊഴിലാളി ചമന്‍ പറയുന്നത്. സമാന സാഹചര്യത്തിലാണ് മറ്റുള്ളവരും ഉള്ളത്. ക്വാറന്റീന്‍ കഴിഞ്ഞാല്‍, ജോലിയും വരുമാനവും ലഭിക്കില്ലെന്നതും ഇവരെയെല്ലാം അലട്ടുന്നുണ്ട്.

കേരളത്തില്‍ സൗജന്യ ഭക്ഷണവും താമസവും മാത്രമല്ല, ജോലിയും ഉണ്ട്. ലോക്ക് ഡൗണ്‍ നിലനില്‍ക്കുമ്പോഴും കേരളത്തില്‍ നിര്‍മ്മാണമേഖല ഉള്‍പ്പെടെ സജീവവുമാണ്.

ഈ പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണ് അതിഥി തൊഴിലാളികളെ മടങ്ങിവരാന്‍ പ്രേരിപ്പിക്കുന്നത്.

നാട്ടിലേക്ക് പോകാന്‍ ബഹളമുണ്ടാക്കിയ നിമിഷത്തെയാണ് ഇവരിപ്പോള്‍ ശപിക്കുന്നത്.

കോട്ടയത്തെ പായിപ്പാട്ടില്‍ ആരംഭിച്ച അതിഥി തൊഴിലാളികളുടെ പ്രതിഷേധം, തിരുവനന്തപുരത്ത് അക്രമത്തിലാണ് കലാശിച്ചിരുന്നത്. സി.ഐ ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്കാണ് കല്ലേറില്‍ പരിക്കേറ്റിരുന്നത്. ദാരുണമായ സംഭവമായിരുന്നു ഇത്.

അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കാണുന്നവരാണ് മലയാളികള്‍.

ഈ നാട്ടില്‍ കിട്ടുന്ന പരിഗണന, മറ്റൊരു സംസ്ഥാനത്തും അതിഥി തൊഴിലാളികള്‍ക്ക് കിട്ടുകയില്ല. അതാണ് കേരളത്തിന്റെ നന്മ.

പരമ്പരാഗത പൊലീസിങ്ങ് മാറ്റി നിര്‍ത്തി, സേവനത്തിന്റെ പുതിയ പാതയിലൂടെ സഞ്ചരിക്കുന്നവരാണ് കേരളത്തിലെ പൊലീസുകാര്‍.

‘ഒരു വയറൂട്ടാം’ എന്ന പദ്ധതിയിലൂടെ ഭക്ഷണവുമായി തെരുവിലിറങ്ങിയവരാണ് ഈ കാക്കിപ്പട. അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി പാവങ്ങള്‍, ഈ സ്നേഹ സ്പര്‍ശം ഏറ്റു വാങ്ങിയിട്ടുണ്ട്.

ഡി.ജി.പിയും ഐ.ജിയും ഉള്‍പ്പെടെയുള്ള ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പോലും, സ്വന്തം പദവികള്‍ മറന്നാണ് ഭക്ഷണപ്പൊതികളുമായി റോഡിലിറങ്ങിയിരുന്നത്. ഇതാകട്ടെ വലിയ സന്ദേശമാണ് നാടിനും നല്‍കിയിരുന്നത്. അതിഥി തൊഴിലാളികളുടെ ക്ഷേമം അന്വേഷിക്കാന്‍, നിരന്തരം ക്യാംപുകള്‍ സന്ദര്‍ശിച്ചും ഭക്ഷണം ഉറപ്പു വരുത്തിയും മടങ്ങിയതും കാക്കിപ്പടയാണ്.

എസ്.പിമാരും ഡി.ഐ.ജിമാരും നേരിട്ട് നടത്തിയ ഈ ഇടപെടല്‍, ഏറെ ഫലപ്രദമായിരുന്നു.

ലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍ കേരളത്തിലുണ്ട്. ഇവര്‍ പ്രകോപിതരായാല്‍ ലോക്ക് ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ലംഘിക്കപ്പെടുക. ഇത് അറിഞ്ഞ് തന്നെയാണ് കേരളം പ്രവര്‍ത്തിച്ചിരിക്കുന്നത്.

അതിഥി തൊഴിലാളികളെ വീട്ടിലെത്തിക്കാന്‍ ട്രെയിന്‍ വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ട സംസ്ഥാനമാണ് കേരളം.

മടങ്ങുന്നവരെ കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചതും സൗജന്യമായാണ്. യാത്രയയക്കാന്‍ മന്ത്രിയും, കളക്ടറും, എസ്.പിയുമെല്ലാം എത്തിയതും വേറിട്ട കാഴ്ചയായിരുന്നു.

യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണപ്പൊതികളും സര്‍ക്കാര്‍ നല്‍കുകയുണ്ടായി. മറ്റൊരു സംസ്ഥാനത്ത് നിന്നും ലഭിച്ച മോശമായ ഭക്ഷണപ്പൊതി, വലിച്ചെറിയേണ്ടിവന്നപ്പോഴാണ് കേരളത്തിന്റെ രുചി പോലും, അതിഥി തൊഴിലാളികള്‍ ശരിക്കും തിരിച്ചറിഞ്ഞിരുന്നത്.

അടിസ്ഥാന സൗകര്യം പോലും ലഭിക്കാതെ നരകിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ, ഇവര്‍ക്കാര്‍ക്കും കേരളത്തിലില്ല. അതാണിപ്പോള്‍ അവര്‍ സ്വയം അനുഭവിച്ചറിഞ്ഞിരിക്കുന്നത്.

ഭക്ഷണ പൊതിയുമായി പൊലീസോ, കമ്മ്യൂണിറ്റി കിച്ചനുമായി സര്‍ക്കാറുകളോ ഒന്നും മറ്റിടങ്ങളിലില്ല.

സ്വര്‍ഗ്ഗത്തില്‍ നിന്നും നരകത്തിലെത്തുന്ന അവസ്ഥയാണിത്.

വിശപ്പിന്റെ വിളി കൊണ്ടല്ല, വീട്ടിലെത്താനുള്ള ആഗ്രഹം കൊണ്ടാണ്, നാട് പിടിക്കാന്‍ അതിഥി തൊഴിലാളികള്‍ ആഗ്രഹിച്ചിരുന്നത്.

അനവധി പേരാണ് ഇതിനകം തന്നെ ബീഹാര്‍,മധ്യപ്രദേശ്, ഒറീസ, യു.പി, അസം, സംസ്ഥാനങ്ങളിലേക്കായി കേരളത്തില്‍ നിന്നും മടങ്ങിയിരിക്കുന്നത്. ഈ പ്രക്രിയ ഇപ്പോഴും തുടരുകയാണ്. എന്നാല്‍ പുതിയ സാഹചര്യം തിരിച്ചറിഞ്ഞതോടെ, നാട്ടിലേയ്ക്ക് പോകേണ്ടെന്ന തീരുമാനത്തിലേയ്ക്ക്, ഒരു വിഭാഗം തൊഴിലാളികള്‍ ഇപ്പോള്‍ തന്നെ എത്തിയിട്ടുണ്ട്.

ഇതിനിടെ, 7 സംസ്ഥാനങ്ങളില്‍ കോവിഡ് രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടും നിലവില്‍ പുറത്തുവന്നിട്ടുണ്ട്. ബിഹാര്‍, ജാര്‍ഖണ്ഡ്, പഞ്ചിമ ബംഗാള്‍, ഒഡിഷ, മധ്യപ്രദേശ്, ചത്തീസ്ഗഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം ജില്ലകളിലും കോവിഡ് പടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ‘സ്വസ്തി’ നടത്തിയ പഠനത്തിലാണ് ഇക്കര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും സമീപ ജില്ലകളിലും രോഗം വരാന്‍ സാധ്യയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേരളം, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് താരതമേന്യ രോഗസാധ്യത കുറവുള്ളത്.

ഉയര്‍ന്ന രോഗസാധ്യതയുള്ള ജില്ലകളില്‍, മോശം സാമൂഹ്യ-സാമ്പത്തിക അവസ്ഥ, ദാരിദ്ര്യം, ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങള്‍, എന്നിവയാണുള്ളതെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ExpressView

Top