കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോര് രൂക്ഷം, പാര്‍ട്ടി തകര്‍ന്നാലും ‘കസേര’ വേണം!

വിജയ സാധ്യതയുള്ള ഒരു രാജ്യസഭാ സീറ്റില്‍ പോലും ഏകാഭിപ്രായം ഉണ്ടാക്കാന്‍ പറ്റാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ഒടുവില്‍ ഹൈക്കമാന്റ് തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ ആകട്ടെ പേയ്‌മെന്റ് സീറ്റ് വിവാദവും കത്തിപ്പടര്‍ന്നിരിക്കുകയാണ്. പറഞ്ഞത് ആര്‍.എസ്.പി നേതാവ് വിഴുങ്ങിയാലും ജനങ്ങള്‍ മറക്കുകയില്ല. ഈ വിവാദങ്ങള്‍ക്ക് തൊട്ടുപിന്നാലെ വന്ന മറ്റൊരു വിവാദവും ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്സില്‍ കത്തിപ്പടരുകയാണ്. എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരായ പ്രചരണങ്ങളാണ് കോണ്‍ഗ്രസ്സില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. ”സമൂഹമാധ്യമങ്ങളിലടക്കം പാര്‍ട്ടിക്കെതിരെ അവമതിപ്പുണ്ടാക്കാന്‍ കോണ്‍ഗ്രസിലെത്തന്നെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ”പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചിരിക്കുന്നത്. മാധ്യമങ്ങളിലും മറ്റും കൃത്യമായി വാര്‍ത്തവരുത്താന്‍ എല്ലാ ദിവസവും ഈ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സതീശന്‍ തുറന്നടിച്ചിട്ടുണ്ട്.
രമേശ് ചെന്നിത്തലയുടെ പേരില്‍വന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്നും സതീശന്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറിയെങ്കിലും അദ്ദേഹത്തിന്റെ ഉന്നം ചെന്നിത്തല തന്നെയെന്നതും വ്യക്തമാണ്. പലരും പറഞ്ഞെങ്കിലും ഇതുവരെ ഓഡിയോ കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ലന്നതാണ് സതീശന്റെ വാദം.

നേതാക്കള്‍ക്കെതിരെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് വ്യാജ നിര്‍മിതികള്‍ ഉണ്ടാക്കി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണ് ഒരുസംഘം ശ്രമിക്കുന്നതെന്നും ആ സംഘത്തിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കന്മാരെ നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുന്നതെന്നും ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് ഇക്കാര്യം കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്. സതീശന്‍ പ്രതിപക്ഷ നേതാവായതു മുതല്‍ കോണ്‍ഗ്രസ്സില്‍ നടക്കുന്നത് ഒളിപ്പോരിന്റെ തുടര്‍ച്ചയാണിത്. സതീശന്‍ – ചെന്നിത്തല ഭിന്നത പലപ്പോഴും നിയന്ത്രണം വിട്ട് പരസ്യമായ ഏറ്റുമുട്ടലായും മാറിയിട്ടുണ്ട്. തന്റെ നിഴലായി നിന്ന രണ്ടു പേര്‍ തന്നേക്കാള്‍ ഉയരത്തില്‍ എത്തിയതാണ് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയെ പ്രകോപിപ്പിച്ചിരിക്കുന്നത്. കാര്‍ത്തികേയനോടൊപ്പം ചേര്‍ന്ന് ചെന്നിത്തല മുന്‍പ് മൂന്നാംഗ്രൂപ്പ് ഉണ്ടാക്കിയപ്പോഴും പിന്നീട് വിശാല ഐ ഗ്രൂപ്പില്‍ എത്തിയപ്പോഴും ചെന്നിത്തലയുടെ ശക്തരായ രണ്ട് അനുയായികളായിരുന്നു കെ.സി വേണുഗോപാലും വി.ഡി സതീശനും. നിഴല്‍ പോലെ ചെന്നിത്തലയ്ക്ക് ഒപ്പം നിന്ന ഈ നേതാക്കള്‍ ഗ്രൂപ്പിനും മീതെ വളര്‍ന്ന് കോണ്‍ഗ്രസ്സിലെ പ്രധാന അധികാര കേന്ദ്രമായി മാറാന്‍ പക്ഷേ അധികം സമയം വേണ്ടി വന്നിരുന്നില്ല.

കോണ്‍ഗ്രസ്സില്‍ ദേശീയ അദ്ധ്യക്ഷ കഴിഞ്ഞാല്‍ അധികാര കേന്ദ്രത്തില്‍ രണ്ടാമത് വരുന്ന സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനമാണ് കെ.സി വേണുഗോപാല്‍ ഇപ്പോള്‍ വഹിക്കുന്നത്. കെ.സിയുടെ പിന്‍ബലത്തിലാണ് വി.ഡി സതീശനും പ്രതിപക്ഷ നേതാവായിരിക്കുന്നത്. സഭയില്‍ സതീശനു പിന്നില്‍ ഇരിക്കേണ്ടി വരുന്ന ഒരവസ്ഥ ചെന്നിത്തലയെ സംബന്ധിച്ച് ഏറെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഇതു മറികടക്കാന്‍ പ്രതിപക്ഷ നേതാവിനേക്കാള്‍ സ്പീഡില്‍ വിഷയങ്ങള്‍ ഏറ്റെടുത്ത് വിവാദമാക്കാനാണ് ചെന്നിത്തല നിലവില്‍ ശ്രമിക്കുന്നത്. ‘സമാന്തര’ പ്രതിപക്ഷ നേതാവാകാനുള്ള ചെന്നിത്തലയുടെ ഈ നീക്കത്തിനെതിരെ പാര്‍ട്ടി നേതൃത്വത്തോട് സതീശന്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ചെന്നിത്തല കേട്ട ഭാവം പോലും നടിച്ചിട്ടില്ല. ‘തനിക്ക് പറയാനുള്ളത് താന്‍ പറയും ‘ എന്ന നിലപാടില്‍ തന്നെയാണ് അദ്ദേഹം ഇപ്പോഴും ഉറച്ചു നില്‍ക്കുന്നത്.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വി.ഡി സതീശനെ പുകച്ച് പുറത്ത് ചാടിക്കാനാണ് ‘ഐ’ വിഭാഗത്തിന്റെ ശ്രമം. ഇതിനു വേണ്ടികൂടിയാണ് കെ.മുരളീധരനുമായി ചെന്നിത്തല ഒത്തുകൂടിയിരിക്കുന്നത്. കെ.സുധാകരനെ കെ.സി – വി.ഡി വിഭാഗത്തില്‍ നിന്നും അകറ്റിയതിനു പിന്നിലും ചെന്നിത്തലയുടെ ബുദ്ധിയാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. രാജ്യസഭ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ നിന്നും ലിജുവിനെ ഹൈക്കമാന്റ് വെട്ടിനിരത്തുക കൂടി ചെയ്തതോടെ കെ.സി വേണുഗോപാല്‍ വിഭാഗവുമായുള്ള സുധാകരന്റെ ഭിന്നതയും കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. ഇതും ചെന്നിത്തല വിഭാഗം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്.

അതേസമയം രാജ്യസയിലേക്ക് ജെബി മേത്തര്‍ പോകുന്നതില്‍ ‘എ’ ഗ്രൂപ്പ് നേതൃത്വം വളരെ ഹാപ്പിയാണ്.സുധാകരന്‍ – കെ.സി വടംവലിയില്‍ യഥാര്‍ത്ഥത്തില്‍ നേട്ടമുണ്ടാക്കിയതും ‘എ’ ഗ്രൂപ്പ് തന്നെയാണ്. ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന തൃക്കാക്കരയിലും ‘എ’ വിഭാഗം നേതാക്കളെ പരിഗണിക്കണമെന്നതാണ് ഗ്രൂപ്പ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ താല്‍പ്പര്യം. എന്നാല്‍ തൃക്കാക്കരയില്‍ ‘ഐ’ ഗ്രൂപ്പുകാരന്‍ മത്സരിക്കണമെന്നതാണ് ആ ഗ്രൂപ്പിന്റെ താല്‍പ്പര്യം. ഇക്കാര്യത്തില്‍ ഇനി തര്‍ക്കം മുറുകിയാലും ഒരു ഏറ്റുമുട്ടലിന്റെ പാതയിലേക്ക് എന്തായാലും ‘ഐ’ ഗ്രൂപ്പ് പോകില്ല. എ – ഐ ഗ്രൂപ്പ് ഭിന്നത പരമാവധി ഒഴിവാക്കാനാണ് നേതൃതലത്തിലെ ധാരണ. ഇതിനു പ്രധാന കാരണവും കെ.സി ഗ്രൂപ്പിന്റെ സാന്നിധ്യം തന്നെയാണ്. അതായത് പാര്‍ട്ടിയിലെ ‘പൊതുശത്രുവിനെതിരെ’ ഒന്നിച്ചു നില്‍ക്കണമെന്നതാണ് ഗ്രൂപ്പു നേതാക്കളുടെ നിലപാടെന്ന് വ്യക്തം. എ – ഐ ഗ്രൂപ്പുകള്‍ തമ്മില്‍ അടി ഉണ്ടാകുന്ന സാഹചര്യം കെ.സി ഗ്രുപ്പാണ് മുതലെടുക്കുക എന്ന വിലയിരുത്തലിലാണ് ഈ തീരുമാനം.

ഇതിനിടെ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഗ്രൂപ്പ് പരിഗണന ഉണ്ടാകില്ലന്ന് വ്യക്തമാക്കി കെ.സി വിഭാഗവും ഇപ്പോള്‍ രംഗത്തു വന്നിട്ടുണ്ട്. പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റില്‍ ശക്തനായ സ്ഥാനാര്‍ത്ഥി ഇല്ലങ്കില്‍ പണി ‘പാളു’മെന്നതാണ് വി.ഡി സതീശന്റെ നിലപാട്. പി.ടി തോമസിന്റെ ഭാര്യ ഉമയെ മത്സരിപ്പിക്കണമെന്നതാണ് കെ.സി വിഭാഗത്തിന്റെ താല്‍പ്പര്യം. ഉമയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ സീറ്റ് ആവശ്യപ്പെടില്ലന്ന നിലപാടിലേക്ക് എ- ഐ ഗ്രൂപ്പുകളും എത്തിയിട്ടുണ്ട്. അപ്പോഴും കോണ്‍ഗ്രസ്സ് നേതാക്കളെ കുഴക്കുന്നത് പി.ടി തോമസിന്റെ തന്നെ നിലപാടാണ്.

ഒരു ഗോഡ്ഫാദറും ഇല്ലാതെ സ്വന്തം നിലയ്ക്കു വളര്‍ന്നു വന്ന നേതാവാണ് പി.ടി തോമസ്. നേതാക്കളുടെ പിന്തുടര്‍ച്ചയായി കുടുംബാംഗങ്ങള്‍ വരണമെന്ന നിലപാടിനും അദ്ദേഹം എതിരാണ്. ഇക്കാര്യത്തിലെല്ലാം കൃത്യമായ നിലപാടുള്ള പി.ടിയുടെ ആത്മാവ് അദ്ദേഹത്തിന്റെ ഭാര്യ സ്ഥാനാര്‍ത്ഥിയായാല്‍ പൊറുക്കില്ലന്ന വാദവും കോണ്‍ഗ്രസ്സിനുള്ളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. സീറ്റ് മോഹികളാണ് ഈ പ്രചരണത്തിനു പിന്നിലെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി ആരായാലും തൃക്കാക്കരയില്‍ ഇത്തവണ നടക്കാന്‍ പോകുന്നത് പൊരിഞ്ഞ പോരാട്ടം തന്നെ ആയിരിക്കും. കോണ്‍ഗ്രസ്സിന്റെ ഈ ഉറച്ച കോട്ട തകര്‍ക്കാന്‍ സി.പി.എമ്മും കരുത്തനെ തന്നെയാകും ഇത്തവണ രംഗത്തിറക്കുക.

സിറ്റിംഗ് സീറ്റായ തൃക്കാക്കര കൈവിട്ടാല്‍ കെ.സുധാകരനു മാത്രമല്ല വി.ഡി സതീശനും അത് വന്‍ തിരിച്ചടിയാകും. ഇരുവരും മാറണമെന്ന അഭിപ്രായവും അതോടെ പാര്‍ട്ടിക്കകത്ത് ശക്തമാകും. ഇത്തരമൊരു സാഹചര്യം ആഗ്രഹിക്കുന്നവരില്‍ എ ഗ്രൂപ്പു നേതാക്കള്‍ മാത്രമല്ല ഐ ഗ്രൂപ്പു നേതാക്കളും ഉണ്ട്. ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് അതല്ലങ്കില്‍…. അതിനു ശേഷം നേതൃമാറ്റം ഉണ്ടായേ തീരൂ എന്ന നിലപാടിലാണ് ഗ്രൂപ്പ് നേതൃത്വമുള്ളത്. വി.ഡി സതീശനെയോ കെ.സി വേണുഗോപാലിനേയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന ഒരു സാഹചര്യവും ചെന്നിത്തലയും ഐ ഗ്രൂപ്പും ഒരിക്കലും ആഗ്രഹിക്കുന്നില്ല. എ ഗ്രൂപ്പിനും സമാനമായ നിലപാടാണുള്ളത്. ഉമ്മന്‍ചാണ്ടിക്കു ശേഷം ആര് എന്ന ചോദ്യമാണ് എ ഗ്രൂപ്പ് നിലവില്‍ നേരിടുന്നത്. ടി സിദ്ധിഖ് മറുകണ്ടം ചാടിയ സാഹചര്യത്തില്‍ പി.സി വിഷ്ണുനാഥ് ഷാഫി പറമ്പില്‍ തുടങ്ങിയ യുവനേതാക്കളെ ഗ്രൂപ്പ് തലപ്പത്തേക്ക് കൊണ്ടു വരണമെന്നതാണ് ഉമ്മന്‍ ചാണ്ടി ആഗ്രഹിക്കുന്നത്. ഇക്കാര്യം അദ്ദേഹം തന്നെ മുതിര്‍ന്ന നേതാക്കളോട് സൂചിപ്പിച്ചിട്ടുമുണ്ട്.

കെ.സി വേണുഗോപാലിന്റെ സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനം തെറിച്ചാല്‍ സാക്ഷാല്‍ വി.ഡി സതീശന്‍ തന്നെ ‘എ’ ഗ്രൂപ്പ് പാളയത്തില്‍ എത്താനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നതല്ല. ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ കൂടി കോണ്‍ഗ്രസ്സ് പരാജയപ്പെട്ടാല്‍ കെ.സി തെറിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സിലെ ജി 23 നേതാക്കള്‍ കെ.സിയുടെ രാജിക്കായി മുറവിളി തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സംരക്ഷകനായ രാഹുല്‍ ഗാന്ധിയുടെ അവസ്ഥയും പാര്‍ട്ടിയില്‍ പരിതാപകരമാണ്. രാഹുല്‍ ഗാന്ധിക്ക് വീണ്ടും ലോകസഭ കാണണമെങ്കില്‍ വയനാട്ടില്‍ ലീഗിന്റെ ചിറകില്‍ അഭയം പ്രാപിക്കേണ്ട ഗതികേടാണ് ഉള്ളത്. ഈ അവസ്ഥയില്‍ തോല്‍വിയുടെ ‘ഷോക്ക് ‘ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നിന്നു കൂടി ലഭിച്ചാല്‍ അതിന്റെ ‘പ്രഹരം’ കെ.സിയും വി.ഡിയും മാത്രമല്ല രാഹുല്‍ ഗാന്ധി കൂടിയാണ് അനുഭവിക്കേണ്ടി വരിക. തിരിച്ചു വരാമെന്നുള്ള യു.ഡി.എഫിന്റെ പ്രതീക്ഷകളെ ‘തല്ലിക്കെടുത്താന്‍’ തൃക്കാക്കര അഥവാ കാരണമായാല്‍ ഇടതുപക്ഷത്തിന്റെ മൂന്നാം ഊഴത്തിനു കൂടിയാണ് അതോടെ സാധ്യത വര്‍ദ്ധിക്കുക. . . .

EXPRESS KERALA VIEW

Top