പ്രിയപ്പെട്ട അധ്യാപകന്, വൈറലായി ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ വീഡിയോ

പഠിക്കുന്ന കാലത്ത് വഴക്കുപറയുകയും എപ്പോഴും ഹോം വര്‍ക്ക് തരികയും ചെയ്യുന്ന അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ വില്ലന്‍ തന്നെയായിരിക്കും. പഠനകാലം കഴിയുമ്പോളാണ് അധ്യാപകരുടെ വില പലര്‍ക്കും മനസ്സിലാകുന്നത്.

എന്നാല്‍ യു എസിലെ ഈ വിദ്യാര്‍ത്ഥികള്‍ വെറെലെവല്‍ ആണ്. വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള ആത്മബന്ധമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോയില്‍. ഇരു കൈയ്യും നീട്ടിയാണ് സോഷ്യല്‍ മീഡിയ ഈ വീഡിയോ സ്വീകരിച്ചത്. മോഷണം പോയ ഷൂവിന് പകരം കുട്ടികളെല്ലാം ചേര്‍ന്ന് പിരിവെടുത്ത് അധ്യാപകന് പുത്തനൊരു ഷൂ വാങ്ങി കൊടുക്കുന്ന വീഡിയോ ആണിത്.

രണ്ടാഴ്ച മുമ്പാണ് അധ്യാപകന്റെ ബാസ്‌കറ്റ്‌ബോള്‍ ഷൂ സ്‌കൂളില്‍ വച്ച് മോഷണം പോയത്. ഇതോടെ വിഷമത്തിലായ അധ്യാപകന് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പണം സ്വരൂപിച്ച് പുതിയൊരു ഷൂ വാങ്ങി നല്‍കുകയായിരുന്നു.കവറില്‍ നിന്ന് ഒരു കത്തെടുത്ത് വായിക്കുന്നതും പിന്നാലെ ഷൂ കണ്ട അധ്യാപകന്‍ കരയുന്നതും വീഡിയോയില്‍ കാണാം.

ഏതാനും വിദ്യാര്‍ത്ഥികളും അധ്യാപകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വിങ്ങിപ്പൊട്ടി കരയുന്ന അധ്യാപകനെ കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.എമ്മ മിച്ചല്‍ എന്ന വിദ്യാര്‍ത്ഥിനിയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

‘എന്റെ പ്രിയപ്പെട്ട അധ്യാപികന്റെ ഷൂ മോഷ്ടിക്കപ്പെട്ടു, അതിനാല്‍, ഞാനും സഹപാഠികളും പണം സ്വരൂപിച്ച് അദ്ദേഹത്തിന് ഒരു പുതിയ ഷൂ വാങ്ങി നല്‍കി’- വീഡിയോ പങ്കുവച്ചുകൊണ്ട് എമ്മ മിച്ചല്‍ കുറിച്ചു. വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കുട്ടികളെയും അധ്യാപകനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ 4.5 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്.

Top