സ്‌കൂളുകളും,ഷോപ്പിംഗ് മാളുകളും മെയ് 15വരെ അടച്ചിടണം; നിര്‍ദ്ദേശവുമായി മന്ത്രിമാര്‍

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നീട്ടിയാലും ഇല്ലെങ്കിലും രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്ത നാല് ആഴ്ചത്തേക്കു കൂടി അടച്ചിടണമെന്ന് കേന്ദ്ര മന്ത്രിമാരുടെ സംഘം ശുപാര്‍ശ ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പുറമേ ആരാധനാലയങ്ങള്‍, ഷോപ്പിങ് മാളുകള്‍ എന്നിവയും മേയ് 15 വരെ അടച്ചിടണമെന്നാണ് മന്ത്രിമാരുടെ ആവശ്യം.പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇക്കാര്യം നിര്‍ദേശിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

രാജ്യത്ത് 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ഡൗണ്‍ നീട്ടുന്നകാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ തീരുമാനം പറയാത്ത സാഹചര്യത്തിലാണ് മന്ത്രിമാരുടെ നിര്‍ദേശമെന്നാണു സൂചന.

മെയ് മധ്യത്തോടെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും വേനല്‍ക്കാല അവധി ആരംഭിക്കുന്നതിനാല്‍ ജൂണ്‍ അവസാനം വരെ ഇവ അടച്ചിടാമെന്നും സര്‍ക്കാര്‍ കണക്കാക്കുന്നു. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായി ഒരു മതസംഘടനകളുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് മെയ് 15 വരെ അനുമതി നല്‍കരുതെന്നും മന്ത്രിമാരുടെ സംഘം പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മൂന്നാഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കും. എന്നാല്‍ കോവിഡ് 19 രോഗം പിടിപെടുന്നവരുടെ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ലോക്ഡൗണ്‍ നീട്ടണമെന്ന തീരുമാനത്തിലാണ്. രാജ്യ താല്‍പര്യത്തിന് അനുസരിച്ചേ ഈ കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ തിങ്കളാഴ്ച അറിയിച്ചത്.

കേന്ദ്ര നിലപാടിന്റെ അടിസ്ഥാനത്തിലായിരിക്കും ലോക്ഡൗണ്‍ പിന്‍വലിക്കുക എങ്കിലും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ സംസ്ഥാനത്തിനാകും. മൂന്നുഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശ ഇന്ന് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

Top