വിവാഹത്തിന് പിന്നാലെ വരന്‍ കൊവിഡ് ബാധിച്ച് മരിച്ച സംഭവം; പിതാവിനെതിരെ കൊലകുറ്റത്തിന് കേസ്

ന്യൂഡല്‍ഹി: വിവാഹ ചടങ്ങിന് പിന്നാലെ നവവരന്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചടങ്ങില്‍ പങ്കെടുത്ത 113 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും ചെയ്ത സംഭവത്തില്‍ വരന്റെ പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അംബിക ചൗധരി എന്നയാള്‍ക്കെതിരെ പട്‌ന ജില്ലാ ഭരണകൂടമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പട്‌നയിലെ ദീഹ്പാലി ഗ്രാമത്തില്‍ ജൂണ്‍ 15നായിരുന്നു വിവാഹം. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു വിവാഹം. സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമാണ് അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുഡ്ഗാവ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ എഞ്ചിനിയറായ വരന്‍ വിവാഹത്തിന് വേണ്ടിയാണ് പട്‌നയില്‍ എത്തിയത്. എന്നാല്‍, കടുത്ത പനി അനുഭവപ്പെട്ടു. പക്ഷേ, മരുന്ന് കഴിച്ച ശേഷം വിവാഹചടങ്ങുമായി മുന്നോട്ട് പോകാന്‍ വരന്റെ കുടുംബം തീരുമാനിക്കുകയായിരുന്നു.

വിവാഹത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വരന്റെ അവസ്ഥ വഷളായതിനെ തുടര്‍ന്ന് പറ്റ്നയിലെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ജില്ലാ മജിസ്ട്രേറ്റ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ വരന്റെ പിതാവ് കൊവിഡ് 19 പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മകന്റെ വിവാഹം നടത്തിയതെന്ന് കണ്ടെത്തി.

Top