ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം: പൊലീസിന് വീഴ്ച സംഭവിച്ചതായി റൂറൽ എസ് പി

തിരുവനന്തപുരം: പാറശാല ഷാരോൺ കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് തിരുവനന്തപുരം റൂറൽ എസ് പി ഡി ശിൽപ. മുൻകൂട്ടി നിശ്ചയിച്ച പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ അല്ല ഗ്രീഷ്മയെ കൊണ്ടുപോയത്. മറ്റൊരു ശുചിമുറിയിൽ കൊണ്ടുപോയത് ഗുരുതര വീഴ്ചയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും റൂറൽ എസ് പി പറഞ്ഞു

ഗ്രീഷ്മയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഗ്രീഷ്മ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുംടുംബത്തിന്റെ പങ്ക് അതിനുശേഷമേ മനസിലാകൂ എന്നും റൂറൽ എസ് പി ഡി ശിൽപ പറഞ്ഞു.

അതേസമം ഷാരോൺ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രതി ഗ്രീഷ്മ പൊലീസിന് മൊഴി നൽകി. സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നു. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും ഷാരോൺ വഴങ്ങിയിരുന്നില്ലെന്നും ഗ്രീഷ്മ അന്വേഷണസംഘത്തോട് പറഞ്ഞു. ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഈ വെരാഗ്യമാണെന്നാണ് പ്രതി ഗ്രീഷ്മയുടെ മൊഴി.

കൊലപാതകം ഒളിപ്പിക്കാനും നീക്കം നടത്തിയെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. പൊലീസിൽ നിന്ന് രക്ഷപ്പടാൻ പരമാവധി ശ്രമിച്ചു. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷക്കുപ്പി പറമ്പിൽ ഉപേക്ഷിച്ചു. പെരുമാറ്റത്തിൽ ശ്രദ്ധ പുലർത്താൻ ശ്രമിച്ചെന്നും ചോദ്യം ചെയ്യൽ എങ്ങനെ നേരിടാമെന്ന് ഗൂഗിളിൽ തെരഞ്ഞെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.

 

Top