സ്വവര്‍ഗാനുരാഗികളുടെ ഡേറ്റിങ് ആപ്പിലും വിവരച്ചോര്‍ച്ച; ആശങ്കയോടെ ഉപയോക്താക്കള്‍

സ്വവര്‍ഗ പ്രേമികളുടെ ഡേറ്റിങ് ആപ്പായ ഗ്രിന്റര്‍ (Grindr) ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം. ഉപയോക്താക്കളുടെ എച്ച് ഐ വി രോഗബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സോഫ്റ്റ് വെയര്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുറത്തുള്ള രണ്ട് കമ്പനികള്‍ക്ക് കൈമാറിയെന്നാണ് ആരോപണം. ഇതോടെ ആപ്പിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

നോര്‍വീജിയന്‍ ഗവേഷണ സംഘമായ സൈന്റെഫ് ആണ് ഗ്രിന്റര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറിയത്. ആപ്പ്റ്റിമൈസ്, ലോക്കലിറ്റിക്‌സ് എന്നീ കമ്പനികള്‍ക്കാണ് വിവരങ്ങള്‍ കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ബസ് ഫീഡില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ സംഭവം ഉപയോക്താക്കള്‍ക്കിടയില്‍ ആശങ്ക പരത്തിയിരിക്കുകയാണ്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി ഗ്രിന്റര്‍ പ്രതിനിധികള്‍ രംഗത്തെത്തി. പങ്കാളികളുമായി വിവരങ്ങള്‍ പങ്കുവെക്കുക എന്നത് വ്യവസായരംഗത്ത് സ്വാഭാവികമായി നടക്കുന്നതാണെന്നാണ് ഗ്രിന്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ സ്‌കോട്ട് ചെന്‍ പറയുന്നത്. രഹസ്യാത്മക വിവരങ്ങളെല്ലാം എന്‍ക്രിപ്റ്റ് ചെയ്താണ് അയക്കുന്നതെന്നും വിവരങ്ങള്‍ സുരക്ഷിതവും രഹസ്യാത്മകവുമാക്കുന്നതിനായി കര്‍ശനമായ കരാര്‍ വ്യവസ്ഥിതിയിലാണ് എല്ലാം നടക്കുന്നെന്നും ചെന്‍ പറഞ്ഞു.
സ്വവര്‍ഗാനുരാഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്പനിയായതിനാല്‍ തന്നെ വിഷയത്തിന്റെ ഗൗരവം മനസ്സിലാകുമെന്നും ചെന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗ്രിന്ററില്‍ സ്വകാര്യവിവരങ്ങള്‍ പരസ്യപ്പെടുത്തുമ്പോള്‍ ഉപയോക്താക്കളും അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന സൂചനയും ചെന്‍ നല്‍കി. ഗ്രിന്റര്‍ ഒരു പബ്ലിക് ആപ്പായതിനാല്‍ തന്നെ നിങ്ങളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തീരുമാനിച്ചാല്‍ അത് പബ്ലിക് ആയി മാറുമെന്നും ചെന്‍ വ്യക്തമാക്കി.

ഗ്രിന്ററില്‍ ഉപയോക്താക്കളുടെ എച്ച്‌ഐവി അവസ്ഥ രേഖപ്പെടുത്താനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. ഇത് പരസ്യപ്പെടുത്തിയ ഉപയോക്താക്കളുടെ വിവരങ്ങളാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത് എന്നാണ് സൂചന. ഈ ഓപ്ഷന്‍ സംബന്ധിച്ച് നേരത്തെ തന്നെ ആശങ്കയുയര്‍ന്നിരുന്നു.

ഈയടുത്ത് കേംബ്രിഡ്ജ് അനലിറ്റിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രിന്റര്‍ വിവാദവും. ഇതോടെ ഇത്തരം ആപ്പുകളുടെയെല്ലാം വിശ്വാസ്യതയാണ് തുലാസിലായിരിക്കുന്നത്.

Top