പുതുവസ്ത്രങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിക്കുന്നു; പിറന്നാള്‍ ദിനത്തില്‍ ഗ്രെറ്റെ തന്‍ബര്‍ഗ്

സ്റ്റോക്ക്‌ഹോം: പിറന്നാള്‍ ദിനത്തില്‍ പുതിയ തീരുമാനവുമായി കാലാവസ്ഥ സംരക്ഷണ പ്രവര്‍ത്തക ഗ്രെറ്റെ തന്‍ബര്‍ഗ്. പുതുവസ്ത്രങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിക്കുകയാണെന്നും എന്നാല്‍ മറ്റുളളവരെ അവരുടെ ജീവിതശൈലിയുടെ പേരില്‍ താന്‍ വിമര്‍ശിക്കില്ലെന്നും ഗ്രെറ്റ വ്യക്തമാക്കി. പതിനെട്ടാം ജന്മദിനത്തോട് അനുബന്ധിച്ച് ടൈംസ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രെറ്റയുടെ പ്രഖ്യാപനം.

തന്റെ ബൈക്കിന്റെ ഹെഡ്ലൈറ്റുകള്‍ മാറ്റണമെന്ന ആഗ്രഹവും അഭിമുഖത്തില്‍ ഗ്രെറ്റെ പറഞ്ഞു. കാരണം തന്റെ നാടായ സ്വീഡനില്‍ തണുപ്പുകാലത്ത് വെളിച്ചം കുറവായിരിക്കും എന്നാണ് ഗ്രെറ്റയുടെ മറുപടി. അതിനൊപ്പം തനിക്ക് ഇനിമുതല്‍ പുതിയ വസ്ത്രങ്ങള്‍ വേണ്ടെന്നും വസ്ത്രങ്ങള്‍ ധാരാളമുള്ള ആളുകളെ തനിക്കറിയാം, അവരോട് ചോദിച്ചാല്‍ എനിക്ക് ഒരു ജോഡി വസ്ത്രം കിട്ടുമെന്നും ഗ്രെറ്റ വ്യക്തമാക്കി.

കാലവസ്ഥാ മാറ്റങ്ങള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടവുമായെത്തി ലോകനേതാക്കളെ വരെ ഞെട്ടിച്ച ആളാണ് ഗ്രെറ്റെ തന്‍ബര്‍ഗ്.  2018 ലാണ് ഗ്രെറ്റ കാലാവസ്ഥാമാറ്റങ്ങള്‍ക്കെതിരെ തന്റെ സമരം തുടങ്ങി വച്ചത്. സ്വീഡിഷ് പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്തായിരുന്നു ഗ്രെറ്റയുടെ സമരം. പിന്നീട് ലോകമെങ്ങുമുള്ള കൗമാരക്കാര്‍ ഈ പ്രക്ഷോഭം ഏറ്റെടുത്തു. ദീര്‍ഘദൂര വിമാനങ്ങള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കുമെന്ന് അറിഞ്ഞതോടെ നേരത്തെ ഗ്രെറ്റെ തന്റെ യാത്രകള്‍ ബോട്ട് മാര്‍ഗമാക്കിയിരുന്നു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കുകയും അന്തരീക്ഷ മലനീകരണം കൂടുതല്‍ സൃഷ്ടിക്കുന്ന വിമാനമാര്‍ഗം സഞ്ചരിക്കുന്നവരെപ്പറ്റിയും അഭിമുഖത്തില്‍ ഗ്രെറ്റയോട് ചോദിക്കുന്നുണ്ടെങ്കിലും അവരെ വിമര്‍ശിക്കാന്‍ ഗ്രെറ്റ മടിച്ചു. മറ്റുള്ളവരെ കുറിച്ച് ഞാന്‍ പറയില്ല, എന്താണ് ചെയ്യേണ്ടതെന്ന് മറ്റുള്ളവരോട് ഞാന്‍ പറയില്ലെന്നുമാണ് ഗ്രെറ്റ മറുപടി നല്‍കിയത്.

Top