കോവിഡ്; സമ്മാനത്തുകയായ ഒരു ലക്ഷം ഡോളര്‍ യൂണിസെഫിന് സംഭാവന നല്‍കി ഗ്രേറ്റ

ലോകമെങ്ങും കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം കൊടുക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തുകയാണ് പതിനേഴുകാരിയായ സ്വീഡിഷ് പരിസ്ഥിതിപ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്.

ഡാനിഷ് ഫൗണ്ടേഷനില്‍ നിന്ന് ലഭിച്ച സമ്മാനത്തുകയായ ഒരു ലക്ഷം ഡോളര്‍ യൂണിസെഫിന് സംഭാവനയായി കൊടുത്തിരിക്കുകയാണ് ഗ്രേറ്റ.

കാലാവസ്ഥാപ്രതിസന്ധി പോലെ കൊറോണ വൈറസ് വ്യാപനവും കുട്ടികളെ ബാധിക്കുന്ന ഒരു പ്രതിസന്ധിയാണെന്ന് ഗ്രേറ്റ പറഞ്ഞു. ലോകത്തെ കുട്ടികളെയെല്ലാം ബാധിച്ചിരിക്കുന്ന ഈ പ്രതിസന്ധി ദീര്‍ഘകാലത്തേക്ക് തുടരുന്നതാണെന്നും കാര്യമായ സംരക്ഷണം ലഭിക്കാത്ത കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നതെന്നും ഗ്രേറ്റ കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് യൂനിസെഫ് കുട്ടികള്‍ക്കായി സുപ്രധാനമായ ചില പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ഗ്രേറ്റ. ഇതിനായി എല്ലാവരും തനിക്കൊപ്പം ചേരണമെന്നും ഗ്രേറ്റ ആവശ്യപ്പെടുന്നു.

ലോക്ഡൗണും സ്‌കൂളുകളുടെ അടച്ചിടലും കുട്ടികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും അത്തരം കുട്ടികളെ സഹായിക്കുന്നതിനായി ഈ ഫണ്ടുകള്‍ വിനിയോഗിക്കുമെന്നും യൂണിസെഫ് പറഞ്ഞു. മാത്രമല്ല കോവിഡ് മൂലം കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനായി ഗ്രേറ്റ, യൂണിസെഫുമായി ചേര്‍ന്ന് ഒരു കാമ്പയിനും തുടക്കമിട്ടിരുന്നു. മാത്രമല്ല ഈ കാമ്പയിന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര പിന്തുണ അറിയിച്ചിരുന്നു.

Top