കാനഡയിൽ ചരിത്രം സൃഷ്ടിച്ച് ആഫ്രിക്കൻ വംശജൻ ഗ്രെഗ് ഫെർഗസ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

ഒട്ടാവ : കനേഡിയൻ പാർലമെന്റിൽ ചരിത്രം സൃഷ്ടിച്ച് ആഫ്രിക്കൻ വംശജൻ ഗ്രെഗ് ഫെർഗസ് (54) സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. പഴയ നാത്‍സി പട്ടാളക്കാരനെ പാർലമെന്റിൽ വിളിച്ച് ആദരിച്ചതു വിവാദമായതിനെ തുടർന്ന് സ്പീക്കർ ആന്റണി റോട്ട രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി കഴിഞ്ഞമാസം പാർലമെന്റ് സന്ദർശിച്ചപ്പോഴാണ് 98 കാരനായ യാരോസ്ലേവ് ഹങ്കയെ സഭയിൽ ആദരിച്ചത്. യുക്രെയ്നിനുവേണ്ടി പോരാടിയ യുദ്ധവീരൻ എന്നപേരിലാണ് ഇദ്ദേഹത്തെ അവതരിപ്പിച്ചത്. എന്നാൽ, ഇദ്ദേഹം ഹിറ്റ്ലറുടെ എസ്എസ്ഫോർട്ടീൻത് വാഫെൻ ഡിവിഷനിൽ അംഗമായിരുന്നു.

അതേസമയം, ഇന്ത്യയുമായുള്ള ക്രിയാത്മക ബന്ധം തുടരുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനു പിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം. നയതന്ത്ര പ്രതിനിധികൾ ഇന്ത്യൻ മണ്ണിൽ ഉണ്ടാകേണ്ടത് കാനഡയുടെ ആവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Top