‘വണക്കം സച്ചിന്‍ ആന്‍ഡ് റീനു’; പ്രേമലു തമിഴ് വേര്‍ഷന്‍ ഒരുങ്ങുന്നു, റിലീസ് റൈറ്റ്‌സ് സ്വന്തമാക്കി റെഡ് ജയന്റ് മൂവീസ്

ലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് പ്രേമലു. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രം കേരളത്തില്‍ മാത്രം ഒതുങ്ങി നിന്നില്ല. സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം പ്രശസ്ത സംവിധായകന്‍ എസ് എസ് രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയ സ്വന്തമാക്കിയിരുന്നു. ചിത്രത്തിന് തെലുങ്കില്‍ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ തമിഴിലേക്ക് കൊണ്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. തമിഴകത്തെ പ്രമുഖ വിതരണക്കാരായ റെഡ് ജെയ്ന്റ് മൂവീസ് ആണ് പ്രേമലു തമിഴ്‌നാട്ടില്‍ എത്തിക്കുന്നത്. പ്രേമലുവിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 15ന് പ്രേമലുവിന്റെ ഡബ്ബിംഗ് പതിപ്പ് റിലീസ് ചെയ്യും.

അല്‍ഫോണ്‍സ് പുത്രന്റെ നേരത്തിന് ശേഷം ഇവര്‍ വിതരണത്തിന് എത്തിക്കുന്ന മലയാള ചിത്രം കൂടിയാണ് പ്രേമലു. നടനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തില്‍ ഉള്ളതാണ് റെഡ് ജെയ്ന്റ് മൂവീസ്. ‘വിണ്ണായ് താണ്ടി വരുവായാ’, ‘അണ്ണാത്തെ’, ‘മങ്കാത്ത’, ‘പൊന്നിയിന്‍ സെല്‍വന്‍ 1,2 ‘, ‘രാധേ ശ്യം’, ‘വിക്രം’, ‘വാരിസ്’, തുനിവ് തുടങ്ങിയ ചിത്രങ്ങള്‍ വിതരണത്തിന് എത്തിച്ചവരാണ് റെഡ് ജെയ്ന്റ് മൂവീസ്.

ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു ആഗോള തലത്തില്‍ ഇതിനകം 100 കോടി രൂപ കളക്ട് ചെയ്തിരിക്കുകയാണ്. 31 ദിവസം കൊണ്ടാണ് സിനിമ 100 കോടി ക്ലബില്‍ ഇടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മലയാളം സിനിമയാണ് പ്രേമലു. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നല്‍കുന്നു. ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത സിനിമ പ്രദര്‍ശനം തുടരുകയാണ്. ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ എത്തിയ സിനിമയില്‍ നസ്‌ലെനും മമിതയുമാണ് നായകനും നായികയുമായെത്തുന്നത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.

Top