‘ഗ്രീന്‍ ഹറം സ്‌ക്വയര്‍’ ; മസ്ജിദുല്‍ ഹറമില്‍ ഹരിതവല്‍ക്കരണം തുടങ്ങി

മക്ക: മസ്ജിദുല്‍ ഹറാമിന്റെ ചത്വരങ്ങളിലും സമീപപ്രദേശങ്ങളിലും വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന ഗ്രീന്‍ ഹറം സ്‌ക്വയര്‍ പദ്ധതി തുടങ്ങി. ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പദ്ധതി ഉദ്ഘാടനം ചെയ്തു. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച ഗ്രീന്‍ സൗദി ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായാണ് ഹരിതവല്‍ക്കരണ യജ്ഞം നടപ്പിലാക്കുന്നതെന്ന് ശൈഖ് സുദൈസ് വ്യക്തമാക്കി.

സസ്യലതാദികള്‍ നിറഞ്ഞ പ്രദേശങ്ങള്‍ പരിരക്ഷിക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനും സംരക്ഷിത പ്രദേശങ്ങളുടെ തോത് ഉയര്‍ത്തുന്നതിനും സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030ലൂടെ ഭരണനേതൃത്വം ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തെ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലെ പ്രതിബന്ധങ്ങളെയും ആവശ്യങ്ങളെയും കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ഇരുഹറം കാര്യാലയ മേധാവി നിര്‍ദേശിച്ചിരുന്നു.

നിലവില്‍ ഏകദേശം 25 ഇടങ്ങളിലായി ഒഴിഞ്ഞുകിടക്കുന്ന 7,344.5 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് ചെടികള്‍ നട്ടുപിടിപ്പിക്കാനുള്ള പദ്ധതി ഉദ്ഘാടന വേളയില്‍ ശൈഖ് സുദൈസ് പരിശോധിച്ചു. ഇതിനുപുറമെ, ചെറിയ ടണലുകള്‍ക്ക് മുന്‍വശത്തും ഹറമിലെ ശൗച്യാലയങ്ങളിലും കുടിവെള്ള പൈപ്പുകള്‍ക്ക് സമീപം തുടങ്ങി പൊതുജന സേവന ഇടങ്ങളിലും അനുയോജ്യമായ ലൈറ്റുകള്‍ സ്ഥാപിച്ച് ചെടികള്‍ നട്ടുപിടിപ്പിക്കാനും ഹറം കാര്യാലയത്തിന് പദ്ധതിയുണ്ട്.

Top