സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ ഗ്രീന്‍ പ്രോട്ടോകോള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി മുതല്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പരിധിയില്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും കേരളപ്പിറവി ദിനമായ ഇന്ന് മുതല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍വന്നു. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

സര്‍ക്കാര്‍ ഓഫീസുകളില്‍ പഴയ ഫയലുകള്‍ മേശപ്പുറത്ത് കൂട്ടിയിടുന്ന രീതികളൊക്കെ മാറ്റണമെന്നാണ് കര്‍ശനനിര്‍ദ്ദേശം. പൊടിപിടിച്ച് ഫയലുകള്‍ സൂക്ഷിച്ചാലും നടപടിയുണ്ടാകും. ഓരോ വര്‍ഷത്തെയും ഫയലുകള്‍ ക്രമപ്പെടുത്തി കൃത്യമായി അലമാരകളില്‍ സൂക്ഷിക്കണം. മേശപ്പുറത്ത് ഫയലുകള്‍ കൂമ്പാരമാക്കി പൊടിപിടിച്ച നിലയില്‍ സൂക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകും. സര്‍ക്കാര്‍ ഓഫീസുകള്‍ പൊടിരഹിത ഓഫീസുകളായി മാറ്റുകയാണ് ലക്ഷ്യം.

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കി സ്റ്റീല്‍ പാത്രങ്ങളും മറ്റ് പ്രകൃതിസൗഹൃദ വസ്തുക്കളാല്‍ നിര്‍മ്മിക്കുന്ന പാത്രങ്ങളും സജ്ജീകരിക്കും. ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍ പുനരുപയോഗത്തിനായി കൈമാറും. ഇ-മാലിന്യങ്ങള്‍ നീക്കം ചെയ്യും. ജൈവ മാലിന്യങ്ങള്‍ ഓഫീസുകളില്‍ത്തന്നെ സംസ്‌കരിക്കും. ജൈവ പച്ചക്കറികൃഷി, ഓഫീസ് കാന്റീന്‍ ഹരിതാഭമാക്കല്‍, ശുചിമുറി നവീകരണംഎന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ ഘട്ടങ്ങളിലായി പദ്ധതി പൂര്‍ണമായും നടപ്പിലാക്കും.സംസ്ഥാനം സമ്പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോളിലേക്കു മാറ്റുന്നതിനു മുന്നോടിയായാണ് ആദ്യഘട്ടമായി സര്‍ക്കാര്‍ ഓഫീസുകളില്‍ പദ്ധതി നിര്‍ബന്ധമാക്കുന്നത്.

Top