ഹരിത കര്‍മ്മ സേന പത്ത് മാസത്തിനിടെ സമാഹരിച്ചത് 223 കോടി യൂസര്‍ ഫീ

തിരുവനന്തപുരം: അഭിമാനകരമായ നേട്ടവുമായി കേരളത്തിലെ ഹരിത കര്‍മ്മ സേന. ഈ വര്‍ഷം ആദ്യ പത്ത് മാസത്തിനുള്ളില്‍ 223 കോടി രൂപയാണ് യൂസര്‍ ഫീ ഇനത്തില്‍ സമാഹരിച്ചത്. 35,000 വനിതകളെ ഉള്‍ക്കൊള്ളിച്ച് ഈ വര്‍ഷം മാര്‍ച്ചിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഹരിത കര്‍മ്മ സേന രൂപീകരിച്ചത്. ആഴ്ചകളോളം കൊച്ചിയെ വിഷലിപ്തമാക്കിയ ബ്രഹ്‌മപുരത്തെ മാലിന്യക്കൂമ്പാരത്തിലുണ്ടായ തീപിടിത്തവും തുടര്‍ന്നുള്ള ഹൈക്കോടതി ഇടപെടലുകളും കണക്കിലെടുത്തായിരുന്നു നടപടി. സംസ്ഥാനത്തെ ടണ്‍ കണക്കിന് അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിനും 2024 മാര്‍ച്ചോടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിനുമാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്.

മാലിന്യം ശേഖരിക്കുന്നതിന് ഒരു വീട്ടില്‍ നിന്ന് 50 മുതല്‍ 100 രൂപ വരെയാണ് യൂസര്‍ ഫ്രീ ആയി വാങ്ങുന്നത്. ഓരോ ഹരിത കര്‍മ സംരംഭ പ്രവര്‍ത്തന പരിധിയിലും 250 വീടുകളെങ്കിലും ഉണ്ടാവും. സേനാംഗങ്ങള്‍ക്ക് യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കുടുംബശ്രീ മിഷനുമാണ്.

തദ്ദേശ വകുപ്പ് പുറത്ത് വിട്ട കണക്ക് പ്രകാരം പദ്ധതിയുടെ 87% സംസ്ഥാനം കൈവരിച്ചിട്ടുണ്ടെന്ന് മാത്രമല്ല, പ്രതിമാസ യൂസര്‍ ഫീ കളക്ഷന്‍ 30 കോടി കടന്നതോടെ ഹരിത സേന അംഗങ്ങള്‍ക്ക് കൂടുതല്‍ വരുമാനവും ലഭിച്ചുതുടങ്ങി. തിരുവനന്തപുരത്ത് ഒരു തൊഴിലാളിക്ക് പ്രതിമാസം 19,500 മുതല്‍ 47,500 രൂപ വരെ ലഭിക്കുന്നുണ്ട്. മലപ്പുറത്തേക്ക് വരുമ്പോള്‍ 7,000 മുതല്‍ 67,000 രൂപ വരെ വരുമാനമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

Top