ബ്രിട്ടനില്‍ ഉപതിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ഇടതുപക്ഷ നേതാവിനു വന്‍വിജയം

ലണ്ടന്‍: ബ്രിട്ടനില്‍ ഉപതിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ഇടതുപക്ഷ നേതാവിനു വന്‍വിജയം. മുസ്ലിം ന്യൂനപക്ഷ സാന്നിധ്യമുള്ള വടക്കന്‍ ഇംഗ്ലണ്ടിലെ റോച്ച്‌ഡെയല്‍ മണ്ഡലത്തില്‍നിന്നാണു 40% വോട്ടു നേടി ജോര്‍ജ് ഗാലവേ (69) വിജയിച്ചത്. പരമ്പരാഗതമായി ലേബര്‍ പാര്‍ട്ടി വിജയിക്കുന്ന മണ്ഡലമാണിത്.

കാല്‍നൂറ്റാണ്ടു മുന്‍പ് തീപ്പൊരി ഇടതുപക്ഷനേതാവായി ബ്രിട്ടിഷ് രാഷ്ട്രീയത്തിലിറങ്ങിയ ഗാലവേ ഗ്ലാസ്വോയില്‍ നിന്നുള്ള ലേബര്‍ എംപിയായാണ് ആദ്യം പാര്‍ലമെന്റില്‍ എത്തിയത്. 2003ല്‍ പാര്‍ട്ടിയില്‍നിന്നു പുറത്തായി. ഏഴാം വട്ടമാണു പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. 2012 നുശേഷം ഇത് ആദ്യവിജയം, ഗാലവേയുടെ വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് ബ്രിട്ടന് ആദ്യസീറ്റും. ബ്രിട്ടനില്‍ ഈ വര്‍ഷമാണു പൊതുതിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 7ലെ ഹമാസ് ആക്രമണം ഇസ്രയേലിന്റെ അറിവോടെയായിരുന്നെന്നു ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി അസ്ഹര്‍ അലി ആരോപിക്കുന്ന വിഡിയോ പുറത്തുവന്നതോടെ അദ്ദേഹത്തിനുള്ള പിന്തുണ പാര്‍ട്ടി പിന്‍വലിച്ചിരുന്നു. ഡേവിഡ് ടല്ലി എന്ന സ്വതന്ത്രനാണു രണ്ടാമതെത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മൂന്നാമതും. അസ്ഹര്‍ അലി നാലാമതായി.

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ പലസ്തീന്‍ അനുകൂല നിലപാടു സ്വീകരിച്ചാണു ഗാലവേ പ്രചാരണം നടത്തിയത്. ഇസ്രയേല്‍ ആക്രമണത്തെ പിന്തുണയ്ക്കുന്ന ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെയും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയെയും ശക്തമായി വിമര്‍ശിക്കുകയും ചെയ്തു.

Top