ഇന്ത്യക്കെതിരെ ആസ്ത്രേലിയക്ക് മികച്ച സ്കോര്‍

അർധ സെഞ്ച്വറികളുമായി ഓപ്പണർ കാമറൂൺ ഗ്രീനും ടിം ഡേവിഡും തകർത്തടിച്ചപ്പോൾ ഇന്ത്യക്കെതിരായ നിർണായക ടി20 യിൽ ആസ്‌ത്രേലിയക്ക് മികച്ച സ്‌കോർ. ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് 187 റൺസടുത്തു. ഗ്രീൻ വെറും 21 പന്തിൽ നിന്ന് മൂന്ന് സിക്‌സുകളുടേയും ഏഴ് ഫോറുകളുടേയും അകമ്പടിയിൽ 52 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച മാത്യു വെയ്ഡ് 27 പന്തിൽ നിന്ന് നാല് സിക്‌സുകളുടേയും രണ്ട് സിക്‌സുകളുടേയും അകമ്പടിയിൽ 54 റൺസെടുത്തു.

നേരത്തേ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ കണക്കു കൂട്ടലുകളെ മുഴുവന്‍ തെറ്റിച്ച് ആദ്യ ഓവർ മുതൽ തന്നെ ഗ്രീൻ തകർത്തടിച്ചാണ് തുടങ്ങിയത്. ജസ്പ്രീത് ബുംറയും ഭുവനേശ്വറുമടക്കം പേരു കേട്ട ബോളർമാരൊക്കെ അടി വാങ്ങിക്കൂട്ടി. മൂന്നാം ഓവറിൽ ആരോൺ ഫിഞ്ച് പുറത്തായതിന് ശേഷം കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണത് ആസ്‌ത്രേലിയയെ ബാറ്റിങ് തകർച്ചയിലേക്ക് തള്ളിയിടുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ ടിം ഡേവിഡ് തകർത്തടിച്ചത് ഓസീസിന് മികച്ച സ്‌കോർ സമ്മാനിച്ചു. നാലോവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത അക്‌സർ പട്ടേലാണ് ഇന്ത്യൻ ബോളർമാർക്കിടയിൽ തിളങ്ങിയത്.

Top