ഹെയ്തിയില്‍ വന്‍ ഭൂകമ്പം; മരണം 300 കവിഞ്ഞു, വന്‍ നാശനഷ്ടം

ഹെയ്തി: കരീബിയന്‍ രാജ്യങ്ങളിലൊന്നായ ഹെയ്തിയില്‍ വന്‍ ഭൂകമ്പം. ഹെയ്തി തലസ്ഥാനത്ത് വടക്ക് കിഴക്കന്‍ മേഖലയിലായി ഉണ്ടായ ഭൂചനത്തില്‍ അതിഭീകരമായ നാശ നഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യ്തിട്ടുള്ളത്. മരണ സംഖ്യ ഇതിനോടകം മുന്നൂറ് പിന്നിട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്.

രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദ്വീപ് രാജ്യമായ ഹെയ്തിയില്‍ ഉണ്ടായ ഭൂചലനത്തില്‍ പതിനായിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് വിവരം. പള്ളികളും ഹോട്ടലുകളുമടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പ്രാദേശിക സമയം ശനിയാഴ്ച രാവിലെ ആയിരുന്ന ഭൂചലനം ഉണ്ടായത് എന്നാണ് വിവരം.

തലസ്ഥാനമായ സെന്‍ട്രല്‍ പോര്‍ട്ട്ഓപ്രിന്‍സില്‍നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റിര്‍ ചുറ്റളവില്‍ ഏഴ് തുടര്‍ചലനങ്ങളുണ്ടായി.

ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോയിസിന്റെ കൊലപാതകത്തിന് ശേഷം രാജ്യത്ത് ഒരുമാസത്തിലധികമായി വ്യാപകമായ സംഘട്ടന അക്രമങ്ങള്‍ക്കും രാഷ്ട്രീയ അസ്ഥിരതയ്ക്കും ഇടവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കരീബിയന്‍ രാഷ്ട്രത്തിന് പുതിയ പ്രതിസന്ധിയായി ഭൂചലനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂചലനത്തിന് പിന്നാലെ ഹെയ്തി തീരത്ത് 3 മീറ്റര്‍ (ഏകദേശം 10 അടി) വരെ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ തൊട്ട് പിന്നാലെ തന്നെ മുന്നറിയിപ്പ് പിന്‍വലിച്ചു. ഹെയ്തിയ്ക്ക് പുറമെ അയല്‍രാജ്യങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്ബനങ്ങള്‍ അനുഭവപ്പെട്ടു.

Top