ഏറ്റവും വലിയ കത്തോലിക്ക ദേവാലയം അവാലിയില്‍ ശിലാസ്ഥാപനം നടത്തി

മനാമ: ബഹ്‌റൈനിലെ കാത്തോലിക്ക വിശ്വാസികളുടെ ഏറ്റവും വലിയ കത്തീഡ്രല്‍ ദേവാലയത്തിന് അവാലിയില്‍ ശിലാസ്ഥാപനം നടത്തി. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ സൗജന്യമായി അനുവദിച്ച സ്ഥലത്താണ് ‘ഔര്‍ ലേഡി ഓഫ് അറേബ്യ’ എന്ന പേരില്‍ ഈ ദേവാലയം സ്ഥാപിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.

ഉത്തര അറേബ്യന്‍ വികാരിയേറ്റിന്റെ വികാര്‍ അപ്പസ്‌തോലിക് ബിഷപ്പ് കാമില്ലോ ബാലിനന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. അവാലി ചര്‍ച്ച് ഗായക സംഘത്തിന്റെ പ്രാര്‍ഥന ഗാനങ്ങളും ആലപിക്കപ്പെട്ടു. ചടങ്ങില്‍ സംബന്ധിക്കാന്‍ ബഹ്‌റൈനിലെ നൂറുകണക്കിന് കാത്തോലിക്ക വിശ്വാസികളാണ് എത്തിയത്. അറേബ്യന്‍ ഉപദ്വീപ് സ്ഥാനപതി ഫ്രാന്‍സിസ്‌കോ മൊണ്ടെസില്ലോ പാഡില്ല മുഖ്യാതിഥി ആയിരുന്നു.

ചടങ്ങില്‍ രാജകുടുംബാംഗങ്ങള്‍, മന്ത്രി സഭാംഗങ്ങള്‍,വിവിധ ഗവര്‍ണറേറ്റ് ഗവര്‍ണര്‍മാര്‍ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ തുടങ്ങിയവരും സംബന്ധിച്ചു. അബ്രഹാം ജോണ്‍ കണ്‍വീനറായി പാരിഷ് വികാരിമാരായ റവ. ഫാ. സേവ്യര്‍, സജി തോമസ്, റോവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 110 പേരടങ്ങുന്ന കമ്മിറ്റിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

വര്‍ഗീസ് കാരയ്ക്കല്‍, ജിക്‌സണ്‍, ഡിക്‌സണ്‍,ബാബു ,ബിനോയ് , റോയ്‌സ്റ്റന്‍,ടോണി, റെജി, റുയല്‍ കാസ്‌ട്രോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സബ് കമ്മിറ്റികളും നേതൃത്വം വഹിച്ചു. ഇറ്റാലിയന്‍ കണ്‍സല്‍ട്ടന്റ് മാട്ടിയ ഡെല്‍ , ഇസ്മായില്‍ അസോസിയേറ്റ്‌സ് എന്നിവര്‍ കണ്‍സല്‍ട്ടന്റ് ആയി മുഹമ്മദ് ജലാല്‍ കോണ്‍ട്രാക്റ്റിങ് കമ്പനിയാണ് നിര്‍മ്മാണ ചുമതകള്‍ വഹിക്കുന്നത്. 17 പേരുള്ള സാങ്കേതിക വിദഗ്ധരും മാനേജുമെന്റെ് വിദഗ്ധരും അടങ്ങിയ കമ്മിറ്റിയാണ് കെട്ടിട നിര്‍മ്മാണത്തിനുള്ള മേല്‍നോട്ടം വഹിക്കുന്നത്. 22 മാസത്തിനുള്ളില്‍ കെട്ടിടം പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

Top