ചെങ്കൊടിക്കെതിരെ മഹാസഖ്യമോ ? ആകാംക്ഷയോടെ രാഷ്ട്രീയ കേരളം

ദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ അവകാശവാദം ഉന്നയിക്കുന്ന പാർട്ടിയാണ് ബി.ജെ.പി, ഇതിൽ പ്രധാനം ഭരണ സിരാകേന്ദ്രമായ, തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കുമെന്നതാണ്.ഈ പ്രചരണത്തിന് കരുത്ത് പകരാനായി, മേയർ വനിതാ സംവരണമായിട്ടും, പാർട്ടി ജില്ലാ പ്രസിഡൻ്റ് വി.വി രാജേഷിനെ തന്നെ കളത്തിലിറക്കിയിരിക്കുകയാണ് ബി.ജെ.പി. ഇവിടെ, ഇടതുപക്ഷവും ബി.ജെ.പി മുന്നണിയും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ്, മിക്ക ഡിവിഷനുകളിലും നടക്കുന്നത്.തിരുവനന്തപുരം കോർപ്പറേഷന് പുറമെ,
8000 വാര്‍ഡുകളിലും, 190 പഞ്ചായത്തുകളിലും, 24 നഗരസഭകളിലും, വിജയിക്കാൻ കഴിയുമെന്നാണ് സംസ്ഥാന ഘടകം അവകാശപ്പെടുന്നത്.

ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ പോലും അമ്പരപ്പിച്ച കണക്കുകളാണിത്.തിരുവനന്തപുരം നഗരസഭ ഭരണം പിടിച്ചെടുത്ത് ശക്തി തെളിയിക്കാനാണ്, കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസ്സ് വോട്ടുകൾ ഉൾപ്പെടെ നേടി അട്ടിമറി വിജയം നേടാനാണ്, ബി.ജെ.പി ഇപ്പോൾ ശ്രമിക്കുന്നത്.സുരേഷ് ഗോപി മുതൽ, സകല താര പ്രചാരകരും തലസ്ഥാനത്ത് തമ്പടിച്ചാണ് പ്രചരണം നടത്തുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനി തലസ്ഥാനത്ത് ഇറങ്ങുമ്പോൾ, സ്വീകരിക്കുക ബി.ജെ.പിക്കാരനായ മെയറായിരിക്കുമെന്നാണ് നടൻ കൃഷ്ണകുമാറും അഭിപ്രായപ്പെട്ടിരിക്കുന്നത്. ബി.ജെ.പി പ്രചരണ രംഗത്ത് ഈ താരവും സജീവമാണ്.

സംഘ പരിവാറിൻ്റെ ഈ അവകാശവാദങ്ങൾ തന്നെയാണ്, ഇടതുപക്ഷത്തെയും പ്രകോപിപ്പിച്ചിരിക്കുന്നത്. ശക്തമായ പ്രചരണമാണ്, സി.പി.എമ്മും വർഗ്ഗ ബഹുജന സംഘടനകളും തലസ്ഥാനത്ത് നടത്തുന്നത്. നിരവധി എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് മത്സര രംഗത്തുള്ളത്.യുവത്വത്തെ മുൻ നിർത്തി, വൻ ഭൂരിപക്ഷത്തിന് നഗരസഭ ഭരണം നിലനിർത്തുക എന്നതാണ്, ഇടതുപക്ഷത്തിൻ്റെ അജണ്ട. സംസ്ഥാന വ്യാപകമായി സി.പി.എം ഇത്തവണ പിന്തുടർന്നിരിക്കുന്നതും ഇതേ ശൈലി തന്നെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയാൽ, അത്, ഇപ്പോഴത്തെ വിവാദങ്ങൾക്കുള്ള ചുട്ട മറുപടിയായി മാറുമെന്നാണ് ഇടതുപക്ഷം കണക്ക് കൂട്ടുന്നത്. യു.ഡി.എഫിനെയും ബി.ജെ.പിയെയും ആശങ്കപ്പെടുത്തുന്നതും ഇതു തന്നെയാണ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ, വിജയ ചരിത്രം ഇടതുപക്ഷം ആവർത്തിച്ചാൽ, പിണറായി സർക്കാറിന് ഭരണ തുടർച്ചയുണ്ടാകുമെന്നാണ് പ്രതിപക്ഷം ഭയക്കുന്നത്. ജോസ്.കെ മാണി വിഭാഗം കേരള കോൺഗ്രസ്സിൻ്റെ ശക്തിയും, ഈ തിരഞ്ഞെടുപ്പിലൂടെയാണ് പ്രകടമാകാൻ പോകുന്നത്. ഇടതുപക്ഷ പരാജയം ഉറപ്പ് വരുത്താൻ, ബി.ജെ.പി പലയിടത്തും യു.ഡി.എഫുമായി രഹസ്യ ധാരണയുണ്ടെന്നാണ് സി.പി.എം നേതൃത്വം ആരോപിച്ചിരിക്കുന്നത്.സംസ്ഥാനത്ത് മൂവായിരത്തിലധികം വാർഡിൽ ബിജെപിക്ക്‌ സ്ഥാനാർഥിയില്ലാത്ത കാര്യം ചൂണ്ടിക്കാട്ടിയാണ്, ഈ ആരോപണം.തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ പഞ്ചായത്തിൽ, ബിജെപി സ്ഥാനാർഥികളെ നിർത്തിയിട്ടില്ലന്നാണ് സി.പി.എം തുറന്നടിച്ചിരിക്കുന്നത്. പൊഴിയൂർ ബ്ലോക്ക്‌ ഡിവിഷനിലും സ്ഥാനാർഥിയെ നിർത്തിയിട്ടില്ലന്നാണ്, നേതൃത്വത്തിൻ്റെ ആരോപണം.

പലസ്ഥലങ്ങളിലും കോൺഗ്രസിൽ സീറ്റുകിട്ടാതെ ബിജെപിയിലേക്ക്‌ ചേക്കേറിയവരെയാണ്‌ മത്സരിപ്പിക്കുന്നതെന്നും, ആക്ഷേപമുയർന്നിട്ടുണ്ട്.കണ്ണൂരിലെ രണ്ട് പഞ്ചായത്തിൽ ഒറ്റ വാർഡിൽപ്പോലും ബി.ജെ.പിക്ക് നിലവിൽ സ്ഥാനാർഥികളില്ല. മുസ്ലീം സ്ഥാനാർത്ഥിയെ അടക്കം നിർത്തിയ മലപ്പുറം ജില്ലയിൽ, 700 ഇടത്താണ് ബി.ജെ.പിക്ക് സ്ഥാനാർഥികളില്ലാത്തത്. ചില സ്ഥലങ്ങളിൽ നിർത്തിയ സ്ഥാനാർഥികളെ, ഇടതു പരാജയം ഉറപ്പാക്കാൻ, പിൻവലിച്ച സംഭവങ്ങളുമുണ്ട്.ബിജെപി കേന്ദ്രങ്ങളിൽ കോൺഗ്രസ്‌ തിരിച്ചും ഇതേ സഹായം ചെയ്യുന്നുണ്ടെന്നാണ് ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നത്. ഇതു സംബന്ധമായ കണക്കുകൾ, സി.പി.എം മുഖപത്രമായ ദേശാഭിമാനിയാണ് പുറത്ത് വിട്ടിരിക്കുന്നത്. അത് ഇപ്രകാരമാണ്.ബിജെപിക്ക് സ്വാധീനമുള്ള കാസർഗോഡ് ജില്ലയിൽ, എട്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലുൾപ്പെടെ 116 വാർഡുകളിലാണ് ബി.ജെ.പിക്ക് സ്ഥാനാർഥികളില്ലാത്തത്.

കണ്ണൂർ ജില്ലയിൽ, 1684 തദ്ദേശ വാർഡിൽ 337ലും, ബിജെപിക്ക്‌ സ്ഥാനാർഥികളില്ല. 71 ഗ്രാമപഞ്ചായത്തിലെ 1167ൽ, 243 വാർഡുകളിലും, 11 ബ്ലോക്ക്‌ പഞ്ചായത്തിലെ 149ൽ, 15 ഡിവിഷനിലും, 8 നഗരസഭകളിലെ 289ൽ 79 വാർഡിലുമാണ്‌ സ്ഥാനാർഥികളില്ലാത്തത്‌. മലപ്പട്ടം, ചെറുകുന്ന്‌ പഞ്ചായത്തുകളിലെ ഒരു വാർഡിലും സ്ഥാനാർഥികളില്ല.ബി.ജെ.പി
സംസ്ഥാന അധ്യക്ഷന്റെയും കേന്ദ്ര സഹമന്ത്രിയുടെയും ജില്ലയായ കോഴിക്കോട്ട്,എട്ട്‌‌ ഗ്രാമപഞ്ചായത്ത്‌ വാർഡുകളിലും, രണ്ട്‌ നഗരസഭാ വാർഡുകളിലുമാണ് ബിജെപിക്ക് സ്ഥാനാർഥികളില്ലാത്തത്.വയനാട്‌
ജില്ലയിൽ ആകെയുള്ള 23 പഞ്ചായത്തുകളിൽ 44 വാർഡുകളിൽ ബിജെപി മത്സരിക്കുന്നില്ല. നഗരസഭകളിൽ 25 ഡിവിഷനുകളിലും‌ കാവിപ്പടക്ക് സ്ഥാനാർഥികളില്ല. നാല് ബ്ലോക്ക്‌ പഞ്ചായത്തുകൾ ഉള്ളതിൽ അഞ്ച്‌ ഡിവിഷനുകളിലും സ്ഥാനാർഥികളെ നിർത്തിയിട്ടില്ല.

മുസ്ലീം സ്ഥാനാർത്ഥിയെ നിർത്തി ഞെട്ടിച്ച, മലപ്പുറം ജില്ലയിലെ 700 ഡിവിഷനിലും, ബിജെപിക്ക് നിലവിൽ സ്ഥാനാർഥികളില്ല.  223 ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷനിൽ 190-ൽ മാത്രമാണ്‌ സ്ഥാനാർഥികളുള്ളത്. 12 നഗരസഭയിലെ 479 ഡിവിഷനുകളിൽ 251 ഡിവിഷനിലും, സ്ഥാനാർഥികളില്ല. ബിജെപിക്ക്‌ പത്ത്‌ അംഗങ്ങളുള്ള താനൂർ നഗരസഭയിലെ 44 വാർഡുകളിൽ, പതിനാലിലും ഇക്കുറി സ്ഥാനാർഥികളില്ല. 20 വാർഡുകളിൽ സ്വന്തം ചിഹ്നത്തിൽ മത്സരിക്കുമ്പോൾ, പത്തിടത്ത് സ്വതന്ത്രരെയാണ് സംഘപരിവാർ പിന്തുണയ്‌ക്കുന്നത്.94 പഞ്ചായത്തിലെ 1778 വാർഡുകളിൽ 416 വാർഡുകളിലും സ്ഥാനാർഥികളില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പാലക്കാട് ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിൽ 1,490 വാർഡുകളിൽ 395 ലും, ബിജെപിക്ക്‌ സ്ഥാനാർഥികളില്ല. സംസ്ഥാനത്ത് തന്നെ, ബി.ജെ.പി സ്വാധീനം അവകാശപ്പെടുന്ന ജില്ലകളിൽ മുൻ നിരയിലാണ് പാലക്കാടിൻ്റെ സ്ഥാനം.ഇവിടെ,ഏഴ്‌ നഗരസഭകളിലും ബിജെപി –- യുഡിഎഫ്‌ ധാരണയുണ്ടെന്നാണ് സി.പി.എം ആരോപിക്കുന്നത്.

എറണാകുളം ജില്ലയിൽ, കൊച്ചി കോർപറേഷനിൽ, നമ്പ്യാപുരം, ഈരവേലി, നസ്രേത്ത്‌ ഡിവിഷനുകളിലാണ് ബി.ജെ.പിക്ക് ‌സ്ഥാനാർഥികളില്ലാത്തത്.  ജില്ലാ പഞ്ചായത്തിലേക്ക്‌ ഉദയംപേരൂരിലും, ബിജെപിക്ക് സ്ഥാനാർഥിയില്ല. നഗരസഭ, ഗ്രാമ, ബ്ലോക്ക്‌  പഞ്ചായത്തുകളിലും പല വാർഡുകളിലും എൻഡിഎയ്ക്ക് സ്ഥാനാർഥികളില്ല. ചില പഞ്ചായത്തുകളിൽ പത്തു വാർഡിൽവരെയില്ലന്നാണ് ആരോപണം. പല്ലാരിമംഗലം പഞ്ചായത്തിൽ 13 വാർഡിൽ ഒന്നിൽ മാത്രമാണ് ബി.ജെ.പി മുന്നണി മത്സരിക്കുന്നത്. ആലപ്പുഴ നഗരസഭയിൽ, വട്ടയാൽ, വാടയ്ക്കൽ, പവർഹൗസ്, ലജനത്ത്, വഴിച്ചേരി വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥികളില്ല. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടണക്കാട്  ഡിവിഷനിൽ, ആസ്തി കാണിക്കാത്തതിനാൽ സ്ഥാനാർത്ഥിയുടെ പത്രികയും തള്ളിയിട്ടുണ്ട്.. കായംകുളം ന​ഗരസഭ 32–-ാം വാർഡിൽ,  ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെ ബിഡിജെഎസ് റിബലായി മത്സരിക്കുന്നുമുണ്ട്. ജില്ലയിൽ ഹരിപ്പാട് ന​ഗരസഭ നാലാംവാർഡിലും, മാവേലിക്കര നഗരസഭ 13–-ാം വാർഡിലും ബിജെപിക്ക്‌  റിബലുകളുമുണ്ട്.


കോട്ടയം മുനിസിപ്പാലിറ്റിയിലെ 204 വാർഡുകളിൽ ബിജെപി മത്സരിക്കുന്നത്‌ 139 സീറ്റുകളിലാണ്. ഇതിൽ 77 വാർഡുകളിലും സ്വതന്ത്രരെയാണ് അവർ പിന്തുണയ്‌ക്കുന്നത്. പാലാ നഗരസഭയിൽ 26ൽ ഏഴിടത്തുമാത്രമാണ്‌ ബിജെപി സ്ഥാനാർഥികളുള്ളത്. ജില്ലയിലെ മറ്റ് പലയിടങ്ങളിലെയും അവസ്ഥയും ഇതാണ്.പത്തനംതിട്ട
നഗരസഭയിൽ ആറ്‌ വാർഡിലും, അടൂരിൽ ഒമ്പത്‌ വാർഡിലും കാവിപ്പടക്ക് സ്ഥാനാർഥികളില്ല. റാന്നി ബ്ലോക്ക് പഞ്ചായത്ത് പഴവങ്ങാടി ഡിവിഷനിലും, കൊടുമൺ പഞ്ചായത്തിൽ നാല്‌ വാർഡുകളിലും,   അങ്ങാടിയിലും പഴവങ്ങാടിയിലും അഞ്ചുവീതം വാർഡുകളിലും, റാന്നിയിലും വടശ്ശേരിക്കരയിലും ഓരോ വാർഡിലും വെച്ചൂച്ചിറയിൽ രണ്ടിടത്തും സ്ഥാനാർഥികളില്ലന്നാണ് പുറത്ത് വന്നിരിക്കുന്ന കണക്ക്.

ഇടുക്കി ജില്ലയിൽ അടിമാലി ബ്ലോക്കിൽ  ദേവിയാർ,  പള്ളിവാസൽ, കല്ലാർ, തൊടുപുഴ ബ്ലോക്കിൽ ഏഴല്ലൂർ, മണക്കാട്, ഡിവിഷനിലുകളിലും ബിജെപിക്ക് സ്ഥാനാർഥികളില്ല. കട്ടപ്പന നഗരസഭ വെട്ടിക്കുഴ കവല വാർഡിലും തൊടുപുഴ നഗരസഭയിൽ 14,15,16, 17 വാർഡുകളിലും സ്ഥാനാർഥികളില്ല. അടിമാലി പഞ്ചായത്ത് വാർഡ് നാലിലും, മറയൂർ പഞ്ചായത്ത് ഒമ്പതാം വാർഡിലും അയ്യപ്പൻകോവിൽ പഞ്ചായത്തിൽ  6, 2, 3, 4, 7,13 വാർഡുകളിലും സ്ഥാനാർഥികളില്ലന്നും പുറത്ത് വന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൊല്ലം പുനലൂർ നഗരസഭയിൽ’ കാഞ്ഞിരമല, ചാലക്കോട്‌, നെടുങ്കയം, മുസാവരി, വിളക്കുവെട്ടം, തുമ്പോട്‌, കോമളംകുന്ന്‌ എന്നിവിടങ്ങളിലും ബിജെപിക്ക്‌ സ്ഥാനാർഥിയില്ല‌.

പരവൂർ,  കരുനാഗപ്പള്ളി എന്നീ നഗരസഭകളിലും  കൊട്ടാരക്കരയിലും  മൂന്നുവാർഡിൽ വീതം ബി.ജെ.പി മുന്നണി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. ബി.ജെ.പിക്ക് സ്ഥാനാർത്ഥികൾ ഇല്ലാത്തിടങ്ങളിൽ ഉൾപ്പെടെ, വ്യാപക വോട്ട് അട്ടിമറിക്കുള്ള സാധ്യതയാണ് ഇടതുപക്ഷം കാണുന്നത്.എസ്.ഡി.പി.ഐ, വെൽഫയർ പാർട്ടികളുടെ നീക്കങ്ങളും ഇടതുപക്ഷത്തിന് എതിരാണ്. ചുരുക്കത്തിൽ പ്രതിപക്ഷ മഹാ സഖ്യത്തെ നേരിടേണ്ട സാഹചര്യമാണ് ഭരണപക്ഷത്തിനുള്ളത്.ഈ വൻ വെല്ലുവിളിയെ പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞാൽ, അതോടെ, പ്രതിപക്ഷത്തിൻ്റെ നിയമസഭ തിരഞ്ഞെടുപ്പിലെ പ്രതീക്ഷകളാണ്, തകർന്ന് തരിപ്പണമാകുക.

Top