പാലക്കാട് വി.കെ. ശ്രീകണ്ഠനായി ചുവരെഴുത്ത്; കൈപ്പത്തി ചിഹ്നവും പേരിനൊപ്പം

പാലക്കാട് : കോൺഗ്രസ് നേതാവ് വി.കെ. ശ്രീകണ്ഠനായി പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ ചുവരെഴുത്ത്. പേരിനൊപ്പം കൈപ്പത്തി ചിഹ്നവും ചേർത്താണ് ഒലവക്കോട് റെയിൽവേ കോളനിയിൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.

പുതുപ്പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് ശ്രീകണ്ഠനുവേണ്ടി പ്രചാരണം ആരംഭിച്ചത്. സ്ഥാനാർഥി വി.കെ.ശ്രീകണ്ഠനാണെന്ന് ഉറപ്പ് ലഭിച്ചെന്നു പുതുപ്പരിയാരം മണ്ഡലം പ്രസിഡന്റ് ബഷീർ പൂച്ചിറ പറഞ്ഞു. ‘‘പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ വി.കെ. ശ്രീകണ്ഠൻ തന്നെയാണ് കോൺഗ്രസ് സ്ഥാനാർഥി എന്ന് പല യോഗങ്ങളിലും പങ്കെടുക്കുമ്പോൾ മുതിർന്ന നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയുണ്ട്. ആദ്യം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ചുവരെഴുത്ത് നടത്തിയത്’’– അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ തന്റെ അറിവോടെയല്ല ചുവരെഴുത്തെന്ന് വി.കെ.ശ്രീകണ്ഠന്‍ എംപി പ്രതികരിച്ചു. മുൻപ് ടി.എൻ പ്രതാപനു വേണ്ടി തൃശൂരില്‍ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തിൽ പാര്‍ട്ടി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനു മുൻപ് ചുവരെഴുത്തു നടത്തിയാൽ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു.

Top