മാര്‍ക്ക് ദാന വിവാദം: അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

Kt Jaleel

തിരുവനന്തപുരം: ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് 5 മാര്‍ക്ക് ദാനം ചെയ്യാന്‍ എം.ജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് കൈക്കൊണ്ട വിവാദ തീരുമാനം പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതേതുടര്‍ന്ന് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന് രാവിലെ പത്തരയ്ക്ക് ചേരും.

തിങ്കളാഴ്ച നിയമസഭ സമ്മേളിക്കാനിരിക്കുന്നതും പ്രശ്നത്തില്‍ ഗവര്‍ണറുടെ ഇടപെടലുണ്ടാവുമെന്നതും കണക്കിലെടുത്താണ് മാര്‍ക്ക് ദാനം പുനഃപരിശോധിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. ഒരു വിഷയത്തിന് തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് 5 മാര്‍ക്ക് അധിക മോഡറേഷന്‍ നല്‍കിയ തീരുമാനം റദ്ദാക്കാനാണ് സാദ്ധ്യത. അല്ലെങ്കില്‍,അക്കാഡമിക് കൗണ്‍സിലിന് വിടാം.

സംസ്ഥാനത്ത് മാര്‍ക്ക് വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് പുന:പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 5 മാര്‍ക്ക് നല്‍കാനുള്ള തീരുമാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായോ എന്നതടക്കം പരിശോധിക്കും. തെറ്റുണ്ടെങ്കില്‍ സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്ത് തിരുത്തല്‍ നടപടികളെടുക്കാനും അനൗദ്യോഗികമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, മാര്‍ക്ക് ദാനത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നല്‍കിയ കത്ത് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

കൂടുതല്‍ മാര്‍ക്ക് നല്‍കാന്‍ മന്ത്രിയോ മന്ത്രിയുടെ ഓഫീസോ നിര്‍ദ്ദേശിച്ചിട്ടില്ല.സിന്‍ഡിക്കേറ്റാണ് മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. അദാലത്തുകളില്‍ ഇരുവരുടെയും സാന്നിധ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്

നേരത്തെ ജലീലിനെ ന്യായീകരിച്ച് സര്‍വകലാശാലകള്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ ന്യായീകരിച്ച് എംജി, സാങ്കേതിക സര്‍വകലാശാലകളാണ് റിപ്പോര്‍ട്ട് നല്‍കിയത്.വിവാദ അദാലത്തുകളില്‍ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്തിരുന്നെങ്കിലും ഇടപെടലുണ്ടായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

Top