അപരനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണം; ഗംഭീര്‍ വിവാദത്തില്‍

ന്യൂഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഗൗതം ഗംഭീര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപരനെ ഉപയോഗിച്ചതായി ആരോപണം. ക്രിക്കറ്റ് താരം കൂടിയായ ഗംഭീര്‍ പല തവണ തന്റെ വാഹനങ്ങളില്‍ അപരനെ ഉപയോഗിച്ചുവെന്ന് ഡല്‍ഹി ഉപ മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ മനീഷ് സിസോദിയയുടെ പരാതി. ഫോട്ടോ സഹിതമാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

‘സിനിമയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നതും ക്രിക്കറ്റില്‍ റണ്ണറെ വെക്കുന്നതും കേട്ടിട്ടുണ്ട്. പക്ഷെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അപരനെ വെക്കുന്നത് നമ്മള്‍ ആദ്യമായി കാണുകയാണ്’- സിസോദിയ ട്വീറ്റ് ചെയ്തു.

ഗൗതം ഗംഭീര്‍ ഒരു എ.സി കാറില്‍ ഇരിക്കുകയാണ്. അദ്ദേഹത്തിന് ചൂട് പ്രശ്നമാണത്രെ. തൊപ്പി ധരിച്ച ഒരു അപരനാണ് പ്രചരണ വാഹനത്തിലുള്ളത്. പ്രവര്‍ത്തകര്‍ ഹാരമണിയിക്കുന്നത് അപരന്‍ ഗംഭീറിനെയാണ്. ഈ അപരന്‍ ഒരു കോണ്‍ഗ്രസ് നേതാവാണ്. ഇത് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുളള സഖ്യത്തിന്റെ ഭാഗമാണെന്നും, സിസോദിയ കുറ്റപ്പെടുത്തി. എന്നാല്‍ ഗൗതം ഗംഭീര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

Top