സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവ്വീസ് ‘കേരള സവാരി’ ചിങ്ങം 1 ന് 

സംസ്ഥാനത്ത് പ്രാബല്യത്തിലുള്ള നിരക്കിൽ പൊതുജനങ്ങൾക്ക് സുരക്ഷിതവും തർക്കരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനാണ് സംസ്ഥാനത്തെ ഓട്ടോ -ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച് കൊണ്ട് കേരള സവാരി എന്ന ഓൺലൈൻ ടാക്സി പദ്ധതി സർക്കാർ ആവിഷ്‌കരിച്ചത്. ചിങ്ങം ഒന്നിന് സർക്കാരിന്റെ ഓണ സമ്മാനമായി കേരള സവാരി നമ്മുടെ നിരത്തുകളിലെത്തും. നൂറ് ശതമാനം സുരക്ഷിതവും തർക്കരഹിതവുമായ യാത്ര എന്നതാണ് കേരള സവാരി മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനം. ആഗസ്റ്റ് 17ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം കനകക്കുന്നിൽ വച്ച് കേരള സവാരി പദ്ധതി ഉദ്ഘാടനം ചെയ്യും.

രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ഓൺലൈൻ ടാക്‌സി സർവീസ് ആരംഭിക്കുന്നത്. ഒരു പക്ഷേ ലോകത്ത് തന്നെ സർക്കാർ മേഖലയിൽ ഇത്തരത്തിൽ ഒരു സംവിധാനം ആദ്യത്തേതായിരിക്കും. ബഹുരാഷ്ട്ര കമ്പനികളടക്കി വാഴുന്ന രംഗത്തേക്കാണ് തൊഴിലാളി ക്ഷേമം കൂടി ലക്ഷ്യമാക്കി ഈ സർക്കാർ മുന്നിട്ടിറങ്ങുന്നത്. നിലവിലെ ഓൺലൈൻ ടാക്‌സി സംവിധാനങ്ങളിലെല്ലാം മോട്ടോർ തൊഴിലാളികൾക്ക് ലഭിക്കുന്ന നിരക്കും യാത്രക്കാരിൽ നിന്നും ഈടാക്കുന്ന നിരക്കും തമ്മിൽ 20 മുതൽ 30 ശതമാനം വരെ വ്യത്യാസമുണ്ടെന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. കൂടുതൽ സവാരി കിട്ടുന്ന സാഹചര്യത്തിൽ ആ നഷ്ടം സഹിക്കാൻ തൊഴിലാളികൾ തയ്യാറാവുകയാണ്.

Top