സര്‍ക്കാര്‍ സേവനങ്ങള്‍ക്കും വോയ്‌സ് അസിസ്റ്റന്റ് സേവനം ഒരുക്കാൻ കേന്ദ്ര സര്‍ക്കാര്‍

ലക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് പോലെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും വോയ്‌സ് അസിസ്റ്റന്റ് സേവനം ആരംഭിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ ഇത് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോം വിവിധ ഭാഷകളില്‍ ജനങ്ങളോട് സംവദിക്കുമെന്ന് പി.ടി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വ്യക്തിഗത സേവനങ്ങള്‍ നല്‍കുന്നതിനായി ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്‌തേക്കും.

ഇലക്ട്രോണിക്‌സ്, ഐ.ടി. മന്ത്രാലയത്തിലെ നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷനാണ് ഇതിനായി അപേക്ഷകള്‍ ക്ഷണിച്ചത്. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള ആപ്പുകളെ സംയോജിപ്പിച്ചുള്ള ഏകീകൃത ഇ-ഗവേണന്‍സ് പ്ലാറ്റ്‌ഫോമായ ഉമങില്‍ (UMANG) വോയ്‌സ് അസിസ്റ്റന്റ് സേവനം ആരംഭിക്കുകയാണ് ലക്ഷ്യം. രജിസ്‌ട്രേഷന്‍, ലോഗിന്‍, പാസ് വേഡ് റീസെറ്റ്, വകുപ്പുതല സേവന സംബന്ധ വിവരങ്ങള്‍, പരിപാടികള്‍ പോലുള്ള ആവശ്യങ്ങള്‍ക്ക് വോയ്‌സ് അസിസ്റ്റന്റ് സേവനം പ്രയോജനപ്പെടുത്താനാവും. സംസാരത്തെ അക്ഷരങ്ങളാക്കി മാറ്റുന്ന സ്പീച്ച് ടു ടെക്സ്റ്റ് സൗകര്യവും ഈ ചാറ്റ്‌ബോട്ട് നല്‍കും.

Top