വി.സിമാരെ പുറത്താക്കുന്ന ചാൻസലറെ തന്നെ സർക്കാർ പുറത്താക്കും, അണിയറ നീക്കങ്ങൾ വ്യക്തം !

ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും ചാൻസലർ പദവി പൂർണ്ണമായും എടുത്ത് മാറ്റാൻ സർക്കാർ നീക്കം. ഇതിനായി നിയമ നിർമ്മാണം നടത്താൻ വീണ്ടും പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർക്കുമെന്നാണ് സൂചന. ഗവർണർ സർക്കാർ പോര്‌ കനക്കുന്നതിനിടെയാണ്‌ നീക്കം.

നിലവില്‍ സംസ്ഥാനത്തെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്കാണ്. നേരത്തെ ഗവര്‍ണറില്‍ നിന്ന് ചാന്‍സലര്‍ പദവി എടുത്തു കളയാന്‍ ബംഗാള്‍ , രാജസ്ഥാൻ, തമിഴ് നാട് സർക്കാറുകൾ തീരുമാനിച്ചിരുന്നു. ഇതേ പാത പിൻതുടർന്ന് കേരളത്തിലും പുതിയ നിയമം നടപ്പാക്കാനാണ് പിണറായി സർക്കാറിന്റെ തീരുമാനം. ചാൻസലർ പദവി ഗവർണ്ണറിൽ നിന്നും തെറിപ്പിച്ചിൽ, യു.ഡി.എഫും പ്രതിരോധത്തിലാകും. കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാൻ ഉൾപ്പെടെ ഇത്തരമൊരു രീതി സ്വീകരിച്ചതാണ് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്നത്.

അസാധാരണ നീക്കത്തിലൂടെ സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരോടും രാജി ആവശ്യപ്പെട്ട ഗവർണ്ണറുടെ നടപടിയാണ് സംസ്ഥാന സർക്കാറിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിന് 12 മണിക്കൂർ മാത്രം സാവകാശം നൽകിയതും വലിയ വിമർശനങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

ഇതോടെ, ഗവർണർക്ക് ചാൻസലറായി പ്രവർത്തിക്കാനുള്ള അധികാരം നിയമസഭ നൽകിയതാണെന്ന മുന്നറിയിപ്പുമായി നിയമമന്ത്രി പി.രാജീവും പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. ഗവർണർ തന്നെ ചാൻസലർ ആകണമെന്ന് യുജിസി റെഗുലേഷനിൽ ഇല്ലെന്ന കാര്യവും അദ്ദേഹം ഗവർണ്ണറെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. നിയമസഭ നൽകുന്ന പദവി മാത്രമാണ് അതെന്നും, ”സർവകലാശാലയിൽ ഗവർണർക്ക് അധികാരമെന്നല്ല, ചാൻസലർക്ക് അധികാരമെന്നാണ് “സുപ്രീംകോടതി പറഞ്ഞിട്ടുള്ളതെന്ന കാര്യവും നിയമമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സർവകലാശാലയെ പറ്റി സംസാരിക്കുമ്പോൾ അവിടെ ഗവർണറില്ല, ചാൻസലർ മാത്രമാണുള്ളത്. പിരിച്ചുവിടാനുള്ള അധികാരം എല്ലാവർക്കും ഉണ്ടെന്നും പി.രാജീവ് തുറന്നടിച്ചു. രണ്ട് ദിവസമായി താൻ ഭരണഘടന കൂടുതൽ പഠിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമമന്ത്രിക്ക് ഭരണഘടന അറിയില്ലെന്ന ഗവർണറുടെ വിമർശനത്തിനാണ് പി.രാജീവ് ഇത്തരമൊരു മറുപടി നൽകിയിരിക്കുന്നത്. ‘ഡോക്ട്രിൻ ഓഫ് പ്ലഷർ’ രാജവാഴ്ചയ്ക്ക് വേണ്ടി ബ്രിട്ടീഷ് നിയമപ്രകാരം ഉണ്ടാക്കിയതാണ്. അതുപയോഗിച്ച് പദവി ദുരുപയോഗം ചെയ്യുകയാണ് ഗവർണർ ചെയ്യുന്നതെന്നും മന്ത്രി വിമർശിക്കുകയുണ്ടായി.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകർച്ച നേരിടുകയാണ് എന്ന ഗവർണ്ണറുടെ വിമർശനത്തിനും പി.രാജീവ് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്ന് പോകുന്നവർക്ക് എല്ലാ രാജ്യത്തും ഉന്നത പദവി ലഭിക്കുന്നു. 138 രാജ്യങ്ങളിലെ മലയാളി സാന്നിധ്യം കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ മികവാണ് സൂചിപ്പിക്കുന്നത്. ഇവിടെ വിദ്യാഭ്യാസം മോശമാണെങ്കിൽ കേരളത്തിന് പുറത്തുപോകുന്നവർക്ക് ഉന്നത പദവി ലഭിക്കുന്നതെങ്ങനെയെന്നും മന്ത്രി ചോദിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ബോധപൂർവമായ ശ്രമം അണിയറയിൽ നടക്കുകയാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ അതിന്റെ പ്രചാരകരാകുകയാണെന്നും പി.രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയുടെയും സി.പി.എം നേതൃത്വത്തിന്റെയും അനുമതി വാങ്ങിയാണ് നിയമമന്ത്രി ഇത്തരമൊരു പ്രതികരണം ഇപ്പോൾ നടത്തിയിരിക്കുന്നത്. ഗവർണ്ണർക്കെതിരെ ഇടതുപക്ഷം പ്രത്യക്ഷ സമരം പ്രഖ്യാപിച്ചതിനു ശേഷമാണ് , വൈസ് ചാൻസലർമാരുടെ കൂട്ട രാജി ഗവർണ്ണർ ആവശ്യപ്പെട്ടിരിക്കുന്നത്. അതു കൊണ്ടു തന്നെ ഇനി ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ഗവർണ്ണർക്കെതിരെ നീങ്ങാൻ തന്നെയാണ് ഇടതുപക്ഷ നേതൃത്വവും സർക്കാറിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ചാൻസലർ പദവി തെറിപ്പിക്കുന്നതിലൂടെ തിരിച്ചടി ഇനി ഇടതുപക്ഷ സർക്കാറും തുടങ്ങും. ആർ.എസ്.എസ് അജണ്ട ഗവർണ്ണർ നടപ്പാക്കാൻ ശ്രമിച്ചാൽ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി സോഷ്യൽ മീഡിയകളിലൂടെ സി.പി.എം പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്.

കേളത്തിലെ സര്‍വ്വകലാശാലകളിലെ ഒമ്പത് വൈസ് ചാന്‍സിലര്‍മാരോട് രാജി വെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നാണ് പാർട്ടി നേതൃത്വം അണികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതോടെ രാജ്ഭവനിലേക്ക് ഇടതുപക്ഷം പ്രഖ്യാപിച്ച മാർച്ചും സംഭവബഹുലമായി മാറാനാണ് സാധ്യത.

വിദ്യാഭ്യാസ മേഖലയെ  കാവിവല്‍ക്കരിക്കാനുള്ള അജണ്ടകളാണ് സംഘപരിവാര്‍ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള കേരളത്തിന്റെ ചെറുത്തുനില്‍പ്പ് അട്ടിമറിക്കുവാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയാണ് ഗവര്‍ണറിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും സി.പി.എം ആരോപിച്ചിട്ടുണ്ട്. ആര്‍എസ്എസ് നേതാവിനെ അങ്ങോട്ടുപോയികണ്ട് മതനിരപേക്ഷ കേരളത്തെ അപമാനിച്ച ഗവര്‍ണർ, ആര്‍എസ്എസിന്റെ കുഴലൂത്തുകാരനാണ് താനെന്ന് ഈ നടപടിയിലൂടെ തെളിയിച്ചിരിക്കുകയാണെന്നും സി.പി.എം പ്രസ്താവനയിൽ തുറന്നടിച്ചിട്ടുണ്ട്.

Top