സര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷിതത്വം നിസ്സാരവല്‍ക്കരിക്കുന്നു: റെമജിയോസ് ഇഞ്ചനാനിയല്‍

കല്‍പ്പറ്റ: വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ താമരശ്ശേരി അതിരൂപത മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍. സര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷിതത്വം നിസ്സാരവല്‍ക്കരിക്കുന്നുവെന്ന് താമരശ്ശേരി അതിരൂപത പറഞ്ഞു. ‘വനംവകുപ്പും സര്‍ക്കാരും കൃത്യസമയത്ത് സത്വരമായ നടപടികള്‍ എടുത്താല്‍ ഏറ്റവും സുരക്ഷിതമായി ജനങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കും. നിയമം ഉണ്ടെന്ന് പറഞ്ഞാണ് ഞങ്ങളെ ഭയപ്പെടുത്തുന്നതും പിന്തിരിപ്പിക്കുന്നതും. നിയമം മനുഷ്യരുണ്ടാക്കുന്നതല്ലേ, ഞങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമല്ലെ അതില്‍ പ്രധാനപ്പെട്ടത്. അത് സംരക്ഷിച്ചുകൂടെ’ എന്നും അതിരൂപത ചോദിച്ചു.

കല്‍പ്പറ്റ കേന്ദ്രീകരിച്ച് ഈ വ്യാഴാഴ്ച പ്രതിഷേധ പരിപാടികള്‍ നടത്തുന്നുണ്ട്. തുടര്‍ന്നുള്ള പ്രതിഷേധ പരിപാടികള്‍ ക്രമീകരിച്ചുകൊണ്ടിരിക്കുകയാണ്. വയനാട്ടിലെത്താന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഭയമാണ്. ജനം പ്രകോപിതരാണ്. ആളുകള്‍ ആക്രമിക്കുക തന്നെ ചെയ്യും. കാരണം ജീവിക്കാനുള്ള അവകാശമുണ്ടല്ലോ. അതിനെ തിരുത്താന്‍ എങ്ങനെ സാധിക്കും. ഇഷ്ടം പോലെ പൊലീസ് അകമ്പടിയോടെ ജീവിക്കുന്നവര്‍ക്ക് ഭയമില്ലായിരിക്കും.ആരും അകമ്പടിയില്ലാതിരുന്ന തങ്ങള്‍ക്ക് ദൈവമല്ലാതെ ആരാണ് ആശ്രയമെന്നും അതിരൂപത ചോദിച്ചു. വനംമന്ത്രി സ്ഥാനം ഒഴിഞ്ഞ് കര്‍ഷകരെ സഹായിക്കാന്‍ സാധിക്കുന്ന ഒരാളെ ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നതാണ് കരണീയമായിട്ടുള്ളതെന്നും അതിരൂപത വിശദീകരിച്ചു.മറ്റ് ഏത് സംസ്ഥാനത്ത് ഉള്ളതിനേക്കാള്‍ അധികം വനം കേരളത്തിലുണ്ട്. അതുകൊണ്ട് തന്നെ വനം ഇല്ലാതാക്കുന്നില്ലല്ലോ. പക്ഷേ മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനം ഉണ്ടായേ മതിയാകൂ. അത് ഉണ്ടാകുന്നത് വരെ സമരപരിപാടികള്‍ വിവിധ രൂപത്തിലും ഭാവത്തിലും മുന്നോട്ട് കൊണ്ടുപോകുക തന്നെ ചെയ്യും. അനുകൂലമായ സമീപനം ഇല്ലായെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു കര്‍ഷക പ്രതിനിധിയെ തന്നെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുമെന്നും അതിരൂപത പറഞ്ഞു. രാഹുല്‍ഗാന്ധി അല്ല മഹാത്മാഗാന്ധി മത്സരിച്ചാലും വയനാട്ടില്‍ കര്‍ഷക പ്രതിനിധി ഉണ്ടാവുമെന്ന് അതിരൂപത പറഞ്ഞു.

പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത പൊലീസിന്റേത് ഹീനമായ പ്രവര്‍ത്തിയാണ്. കര്‍ഷക സമരം ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്. ഈ അവകാശം പൊലീസ് തകര്‍ക്കുന്നത് അപലപനീയമാണ്. കര്‍ഷക സംരക്ഷകര്‍ എന്ന് പറയുമ്പോഴും പ്രവര്‍ത്തി അങ്ങനെയല്ല. വനം വകുപ്പ് കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല.

Top