കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍ പ്രഖ്യാപനം പോലെ അത്ര എളുപ്പമല്ല ! കടമ്പകള്‍ ഏറെ . . .

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം രാജ്യമാകെ ഏറ്റെടുത്തിരിക്കുകയാണ്. ഗുരു നാനാക്ക് ജയന്തി ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായെങ്കിലും കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ ചില നടപടി ക്രമങ്ങള്‍ കൂടി പൂര്‍ത്തിയാകേണ്ടതുണ്ട്. ഇതിനുള്ള നടപടികള്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു നിയമം കൊണ്ടു വരാന്‍ പാര്‍ലമെന്റില്‍ സ്വീകരിക്കുന്ന അതേ നടപടികള്‍ തന്നെ പിന്‍വലിക്കാനും വേണം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റില്‍ ഭേദഗതി ബില്‍ കൊണ്ടു വരണം. ബില്ലിന്‍മേല്‍ ചര്‍ച്ച നടത്തി വോട്ടിനിട്ട് അത് പാസാക്കണം.

നവംബര്‍ 29നാണ് പാര്‍ലമെന്റ് ശീതകാല സമ്മേളനം തുടങ്ങുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ഭേദഗതി ബില്‍ അവതരിപ്പിച്ചാല്‍ പ്രതിപക്ഷം അതിനെ അനുകൂലിക്കുമെന്ന് ഉറപ്പാണ്.

നേരത്തെ, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നുവെന്നാണ് മോദി പറഞ്ഞത്. പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇത് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഒരാള്‍ പോലും ബുദ്ധിമുട്ടാതിരിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top