ഡ്രൈവിംഗ് ലൈസന്‍സിന് ഇനി എട്ടാം ക്ലാസ് വേണ്ട; നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുന്നു

ന്യൂഡല്‍ഹി: 8ാം ക്ലാസ് പാസായവര്‍ക്ക് മാത്രമേ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ യോഗ്യത നല്‍കൂ എന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുന്നു. ഇതിനു വേണ്ടി 1989 ലെ കേന്ദ്ര മോട്ടര്‍ വാഹന നിയമം ഉടന്‍ ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം തീരുമാനിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരക്ഷരരായ ഒട്ടേറെ പേര്‍ക്കു തൊഴിലവസരം സൃഷ്ടിക്കാനാണിതെന്നാണ് സൂചന. എട്ടാം ക്ലാസ് യോഗ്യതാ വ്യവസ്ഥ ഒഴിവാക്കണമെന്നത് ഹരിയാനയുടെ നിര്‍ദേശമാണ്. അവിടെ മേവാട്ട് മേഖലയില്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ട നൂറു കണക്കിന് യുവാക്കളുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചത്.

അതേ സമയം വിദ്യാഭ്യാസ യോഗ്യത ഒഴിവാക്കുമ്പോള്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കാനാണ് നീക്കം. ഇതിനായി ലൈസന്‍സ് നല്‍കാനുള്ള പരീക്ഷയില്‍ ഡ്രൈവിങ് വൈദഗ്ധ്യ പരിശോധനയില്‍ ഊന്നല്‍ നല്‍കും. ഇതോടെ ഡ്രൈവിങ് ടെസ്റ്റും ലൈസന്‍സ് നല്‍കലും കര്‍ക്കശമാക്കും. ഓടിക്കുന്നയാള്‍ക്ക് റോഡ് ഗതാഗത ചിഹ്നങ്ങള്‍ മനസ്സിലാകുന്നുണ്ടെന്നും വാഹനത്തിന്റെ രേഖകളും ലോഗ് ബുക്കുകളും അറിയാനും മറ്റു പേപ്പര്‍ സംബന്ധമായ വിവരങ്ങള്‍ കൈകാര്യം ചെയ്യാനും കഴിയണമെന്നും ഡ്രൈവിങ് സ്‌കൂളുകളും അധികൃതരും ഉറപ്പ് വരുത്തണം.

Top