100 കോടിക്ക് വാക്‌സിന്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ഡി.കെ ശിവകുമാര്‍

ബെംഗളൂരു: ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 100 കോടി രൂപയ്ക്ക് നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് കോവിഡ് വാക്‌സിനുകള്‍ വാങ്ങാന്‍ പദ്ധതി തയ്യാറാക്കിയതായി കര്‍ണാടക കോണ്‍ഗ്രസ്. 10 കോടി പാര്‍ട്ടി ഫണ്ടില്‍ നിന്നും ബാക്കി 90 കോടി തങ്ങളുടെ എംഎല്‍എ, എംഎല്‍സി ഫണ്ടുകളില്‍ നിന്നും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ പറഞ്ഞു.

വാക്‌സിന്‍ ലഭ്യമാക്കാന്‍ മോദി, യെദ്യൂരപ്പ സര്‍ക്കാരുകള്‍ മാസങ്ങളായി പരാജയപ്പെട്ട സാഹചര്യത്തില്‍ ഇവ സുതാര്യമായ രീതിയില്‍ നേരിട്ട് വാങ്ങാന്‍ എംഎല്‍എ, എംഎല്‍സി ഫണ്ട് ഉപയോഗിക്കാന്‍ ഞങ്ങളെ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഡി.കെ. ശിവകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ രാജ്യം മുഴുവന്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെ വാക്‌സിനുകള്‍ വാങ്ങും എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഞങ്ങള്‍ക്ക് രണ്ട് അനുമതികള്‍ ആവശ്യമാണ്, ഒന്ന് കേന്ദ്രത്തില്‍ നിന്നും മറ്റൊന്ന് സംസ്ഥാന സര്‍ക്കാരില്‍ നിന്നും. വാക്‌സിനുകള്‍ നേരിട്ട് ശേഖരിക്കാനും നല്‍കാനും കോണ്‍ഗ്രസിനെ അനുവദിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Top