ഇന്‍ഡിഗോക്കെതിരെ വീണ്ടും നടപടിയെടുത്ത് സര്‍ക്കാര്‍; ഒരു ബസിന് കൂടി പിഴ ചുമത്തി

കോഴിക്കോട്: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ബസ്സുകൾക്കെതിരെ സർക്കാരിന്റെ നടപടി തുടരുകയാണ്. വാഹന നികുതി അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു ബസ്സിനു കൂടി മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസ്സിനാണ് ഇത്തവണ പിഴ ചുമത്തിയത്. 37000 രൂപയാണ് പിഴ സഹിതം അടക്കേണ്ട തുക.

ഇൻഡിഗോ കമ്പനിക്ക് നടപടിയെക്കുറിച്ച് നോട്ടീസ് അയച്ചതായി മലപ്പുറം ആർടിഒ അറിയിച്ചു. ബസ്സ് നിലവിൽ വിമാനത്താവളത്തിന് അകത്താണ് ഉള്ളത്. അവിടെ നിന്ന് പുറത്തിറങ്ങിയാൽ മാത്രമേ ബസ് കസ്റ്റഡിയിൽ എടുക്കാനാവൂ എന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ഇന്നലെയാണ് ഇന്‍ഡിഗോയുടെ മറ്റൊരു ബസ് പിടിച്ചെടുത്തത്. ബസ് കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ പരിശോധന വ്യാപകമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. നികുതി അടക്കാത്ത ഇൻഡിഗോ യുടെ എത്ര വാഹനങ്ങൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്ന കണക്ക് മോട്ടോർ വാഹന വകുപ്പ് ശേഖരിക്കുന്നുണ്ട്.

Top