കേരളത്തില്‍ തല്‍ക്കാലം കോവാക്‌സിന്‍ വിതരണം വേണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ ഇന്നെത്തും. എന്നാല്‍ തല്‍ക്കാലം കൊവാക്‌സിന്‍ വിതരണം ചെയ്യേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. 37000 ഡോസ് കോവാക്‌സിന്‍ ആണ് ഇന്ന് കേരളത്തില്‍ എത്തുന്നത്.

കേന്ദ്രം തീരുമാനിച്ചതനുസരിച്ചാണ് ഭാരത് ബയോടെക്കില്‍ നിന്നുളള വാക്‌സിന്‍ ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുന്നത്. വിമാനമാര്‍ഗം എത്തിക്കുന്ന വാക്‌സിന്‍ തിരുവനന്തപുരം മേഖല വാക്‌സിന്‍ സെന്ററില്‍ സൂക്ഷിക്കും. 2 ഡിഗ്രി മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് ഈ വാക്‌സിനും സൂക്ഷിക്കേണ്ടത്.

അതേസമയം പരീക്ഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കൊവാക്‌സീന്‍ ഇപ്പോള്‍ വിതരണം ചെയ്യേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഷീല്‍ഡ് തന്നെ നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള സര്‍ക്കാര്‍. 7,94000 ഡോസ് കൊവിഷീല്‍ഡ് വാക്‌സീനാണ് ഇതുവരെ സംസ്ഥാനത്തിന് അനുവദിച്ച് കിട്ടിയത്.

 

Top