മദ്യനയം പുനഃപരിശോധിക്കണം, ഇടതുനയത്തിന് വിരുദ്ധം: എഐടിയുസി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ എഐടിയുസി. വിദേശ മദ്യഷോപ്പുകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. ഇത് ഇടതുസര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിദേശ മദ്യഷോപ്പുകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. ഇത് ഇടതുസര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണ്. ജനങ്ങളെ മദ്യാസക്തിയില്‍ നിന്നും പിന്തിരിപ്പിക്കുകയാണ് വേണ്ടത്. അതിന് മദ്യഷോപ്പുകളുടെ എണ്ണം കുറയ്ക്കണം. എന്നാല്‍ ഇവിടെ എണ്ണം കൂട്ടുകയാണ് ഉണ്ടായത്. മദ്യഷോപ്പുകളുടെ എണ്ണം കൂട്ടിക്കൊണ്ടുവരുന്നത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു. കള്ളുചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണം. പൂട്ടിയ ഷാപ്പുകള്‍ തുറക്കണം. ഷാപ്പുകളുടെ ദൂരപരിധി എടുത്തുകളയണമെന്നും കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഐടി മേഖലയില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തിക്കുന്നില്ല. യാതൊരുവിധ സംരക്ഷണവുമില്ലാതെയാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. അവിടെ പബുകളും വിദേശ മദ്യഷോപ്പുകളും അനുവദിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. അതിനാല്‍ മദ്യനയം പുനഃപരിശോധിക്കണമെന്ന് എഐടിയുസി ആവശ്യപ്പെടുന്നതായി കെ പി രാജേന്ദ്രന്‍ അറിയിച്ചു.

Top