“സീതയെ കത്തിക്കുമ്പോള്‍ രാമന് ക്ഷേത്രം നിര്‍മ്മിക്കുന്നു”: കോണ്‍ഗ്രസ് നേതാവ്

സീതയെ കത്തിക്കുമ്പോഴാണ് മറുവശത്ത് രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതെന്ന് പരാമര്‍ശം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിക്ക് എതിരെ സഭയില്‍ പ്രതിഷേധം. ലൈംഗിക പീഡന കേസുകള്‍ പോലും രാഷ്ട്രീയവത്കരിക്കുകയും, വര്‍ഗ്ഗീയവത്കരിക്കുകയും ചെയ്യുകയാണ് പ്രതിപക്ഷമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി തിരിച്ചടിച്ചു.

ശൂന്യവേളയില്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോ ഇരയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച വിഷയം ഉയര്‍ത്തവെയാണ് ചൗധരി സീതയെ എടുത്ത് ഉപയോഗിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഒരു വശത്ത് ശ്രമങ്ങള്‍ നടക്കുമ്പോള്‍ മറുഭാഗത്ത് സീതയെ കത്തിക്കുകയാണെന്ന് ചൗധരി വിമര്‍ശിച്ചു. ഉത്തര്‍പ്രദേശിനെ മികച്ച സംസ്ഥാനമാക്കി മാറ്റാനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അത് ‘അധര്‍മ്മ പ്രദേശമായി’ മാറുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും രാഷ്ട്രീയവത്കരിച്ച്, വര്‍ഗ്ഗീയവത്കരിച്ച് സംസാരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് സ്മൃതി ഇറാനി മറുപടി നല്‍കി. ‘ഒരു സ്ത്രീയെ തീകൊളുത്തിയത് ഞെട്ടിക്കുന്ന സംഭവമാണ്, പീഡിപ്പിക്കുന്നത് മനുഷ്യത്വരഹിതമാണ്. പക്ഷെ ഇതൊന്നും രാഷ്ട്രീയത്തിന് ഉപയോഗിക്കരുത്’, സ്മൃതി പറഞ്ഞു. പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ സമാന സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പ്രതിപക്ഷം ഇതേക്കുറിച്ച് ഒന്നും മിണ്ടിയില്ലെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

കേരളത്തില്‍ നിന്നുള്ള എംപിമാരായ ടിഎന്‍ പ്രതാപനും, ഡീന്‍ കുര്യാക്കോസും ബഹളം വെച്ച് സഭയുടെ നടുത്തളത്തില്‍ ഇറങ്ങി സ്മൃതിക്ക് നേരെ പാഞ്ഞടുത്തെങ്കിലും കോണ്‍ഗ്രസ്, എന്‍സിപി അംഗങ്ങള്‍ ഇദ്ദേഹത്തെ തിരികെ വിളിച്ച് കൊണ്ടുപോയി. സംഭവത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഉന്നാവോ പീഡന കേസില്‍ സംസാരിക്കവെയാണ് ഒരു വനിതാ അംഗത്തോട് കോണ്‍ഗ്രസ് എംപിമാര്‍ ഈ വിധം പെരുമാറിയതെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

Top