ന്യൂഡല്‍ഹി: മന്ത്രി സ്മൃതി ഇറാനിക്കെതിരെ നടുത്തളത്തിലിറങ്ങി ബഹളം വെച്ച എംപിമാര്‍ മാപ്പ് പറയണമെന്ന് ബിജെപി. ഉന്നാവ്,ഹൈദരാബാദ് വിഷയങ്ങള്‍ മുന്‍നിര്‍ത്തി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ലോക്‌സഭയില്‍ ഉന്നയിച്ച പ്രതിപക്ഷം, വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രി സഭയിലില്ലായെന്നും പകരം മന്ത്രി സമൃതി ഇറാനിയോ താനോ മറുപടി നല്‍കാമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേകര്‍ സഭയെ അറിയിച്ചു.
സമൃതി ഇറാനി മറുപടി നല്‍കാന്‍ എഴുന്നേറ്റപ്പോള്‍ അത് അനുവദിക്കാനാകില്ലെന്ന് പറഞ്ഞ പ്രതിപക്ഷത്തെ സമൃതി ഇറാനി ചോദ്യം ചെയ്തു. താനൊരു സ്ത്രീയായതുകൊണ്ടാണോ തന്നെ കേള്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകാത്തതെന്ന് സമൃതി ഇറാനി ചോദിച്ചു.
ഇതിനിടെ ടി.എന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസും നടുത്തളത്തിലേക്കിറങ്ങി ബഹളം വെച്ചത് സഭയില്‍ മന്ത്രിയും എംപിമാരും തമ്മിലുള്ള വാക്‌പോരിന് ഇടയാക്കി.
പിന്നാലെ എംപിമാര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി എംപിമാര്‍ രംഗത്ത് വന്നു. സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തുകയാണ് എംപിമാര്‍ ചെയ്തതെന്ന് ബിജെപി അംഗങ്ങള്‍ ആരോപിച്ചു. ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ മാപ്പ് പറഞ്ഞെപറ്റുവെന്നും ബിജെപി നിലപാടെടുത്തു.
ഉച്ചകഴിഞ്ഞ് വിഷയത്തില്‍ നിലപാടറിയിക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയോട് സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദേശിച്ചു. അതേസമയം എംപിമാര്‍ മാപ്പ് പറയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. വിഷയത്തില്‍ സ്പീക്കര്‍ നടപടിയെടുക്കട്ടെയെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.