സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സര്‍ക്കാര്‍; മനംമാറ്റത്തില്‍ വ്യക്തത വരുത്താതെ സത്യവാങ്മൂലം

തിരുവനന്തപുരം: കൊവിഡ് വിവരശേഖരണത്തില്‍ നിന്നും സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സത്യവാങ്മൂലം നല്‍കുമ്പോഴും കമ്പനിയുടെ വിവര ശേഖരണത്തില്‍ വ്യക്തത വരുത്താതെ സര്‍ക്കാര്‍.സ്പ്രിംക്ലര്‍ ഇതുവരെ നടത്തിയ വിവര വിശകലനം എന്താണെന്നും കമ്പനി ഇല്ലാതെ പറ്റില്ലെന്ന നിലയില്‍ നിന്നും കമ്പനിയെ ഒഴിവാക്കുന്നതെന്ത് കൊണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നില്ല.

കൊവിഡ് വിവരശേഖരണത്തില്‍ സ്പ്രിംക്ലര്‍ ഇല്ലാതെ പറ്റില്ലെന്ന നിലയില്‍ നിന്നാണ് അപ്രതീക്ഷിതമായി സര്‍ക്കാറിന്റെ മനംമാറ്റം. സാസ് അഥവാ സോഫ്റ്റ് വെയര്‍ ആസ് സര്‍വ്വീസ് എന്ന നിലക്ക് അവരുടെ സോഫ്റ്റ് വെയറും സേവനവും ബിഗ് ഡാറ്റാ അനാലിലിസിന് വേണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചത്. ആ സ്ഥാനത്താണ് സോഫ്റ്റ് വെയര്‍ ആസ് പ്രൊഡക്ട് എന്ന നിലയിലക്കുള്ള മാറ്റം.

സര്‍ക്കാറിന്റെ പുതിയ സത്യവാങ്മൂല പ്രകാരം ആര്‍ക്കും സ്പ്രിംക്ലര്‍ സോഫ്റ്റ് വയര്‍ ഉപയോഗിച്ച് വിശകലനം നടത്താമെന്നായി. ബിഗ് ഡാറ്റാ അനാലിസിസ് അതിസങ്കീര്‍ണ്ണമായ പ്രക്രിയ ആണെന്ന് ധനമന്ത്രി അടക്കം പറഞ്ഞപ്പോള്‍ അത് ഒരു മാസം കൊണ്ട് സി ഡിറ്റ് ജീവനക്കാര്‍ക്ക് നേടിയെടുക്കാന്‍ കഴിയുന്നതാണോ എന്നത് വിവരിക്കുന്നില്ല.

അതോടൊപ്പം തന്നെ, സ്പ്രിംക്ലര്‍ ഇതുവരെ നടത്തിയ അനാലിസിസ് എന്താണെന്നും സര്‍ക്കാര്‍ തുറന്ന് പറയുന്നില്ല. രോഗികളുടെ പ്രതിദിന കണക്ക് അല്ലാതെ മറ്റൊരു വിവരങ്ങളും കൂടുതായി സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. അതായത്, വിവരശേഖരണത്തില്‍ സ്വകാര്യത ഉറപ്പാക്കണമെന്നതടക്കം കഴിഞ്ഞ മാസം 24 ന് ഹൈക്കോടതി കര്‍ശന ഉപാധികള്‍ വെച്ച ശേഷം ഇതുവരെയുള്ള സര്‍ക്കാര്‍ നടപടികളില്‍ ആശയക്കുഴപ്പങ്ങള്‍ ഏറെ. ചുരുക്കത്തില്‍ വ്യക്തിഗതമായ കാര്യങ്ങള്‍ ഒഴിവാക്കി വേണം വിവരങ്ങള്‍ നല്‍കാനെന്ന കോടതി നിര്‍ദ്ദേശം തന്നെയാണ് കൊട്ടിഘോഷിച്ച വിശകലനത്തില്‍ നിന്നും സ്പ്രിംക്ലറെ മാറ്റിനിര്‍ത്താനുള്ള കാരണമെന്നാണ് സൂചന നല്‍കുന്നത്.

Top