രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി വേണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തി എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി രാജ്ഭവനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യമില്ലെന്നു സര്‍ക്കാര്‍. ഇടതു സര്‍വീസ് സംഘടനാ നേതാക്കളായ ജീവനക്കാരുടെ വിശദീകരണം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചു. ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കേണ്ട സാഹചര്യമില്ലെന്ന റിപ്പോര്‍ട്ട് രാജ്ഭവന് കൈമാറി. ബിജെപി നേതൃത്വം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് രാജ്ഭവന്‍ സര്‍ക്കാരിനോടു വിശദീകരണം തേടിയത്.

2022 മാര്‍ച്ച് 15നാണ് രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. സര്‍ക്കാര്‍ ജീവനക്കാര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ടെന്നു കാട്ടി അന്നേദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനായ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ സമരം നടത്തുന്നത് ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് വിലക്കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. വിഷയത്തില്‍ ചീഫ് സെക്രട്ടറിക്കു പരാതി ലഭിച്ചാല്‍ നിയമാനുസൃതം പരിഗണിച്ചു തീര്‍പ്പാക്കണമെന്നു നിര്‍ദേശിച്ചു.

ബിജെപി ജില്ലാ നേതൃത്വം പിന്നീട് ഗവര്‍ണര്‍ക്കു പരാതി നല്‍കി. പ്രതിഷേധത്തില്‍ പങ്കെടുത്ത ഇടതു സംഘടനകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങളും വിഡിയോ ദൃശ്യങ്ങളും കൈമാറി. രാജ്ഭവന്‍ ചീഫ് സെക്രട്ടറിക്ക് നിവേദനം തുടര്‍നടപടികള്‍ക്കായി അയച്ചു. രാഷ്ട്രീയ സംഘടനകളുടെ സമരത്തിലല്ല പങ്കെടുത്തതെന്നായിരുന്നു ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിക്കു നല്‍കിയ വിശദീകരണം. ഉദ്യോഗസ്ഥ വിശദീകരണം അംഗീകരിച്ച മുഖ്യമന്ത്രി, തുടര്‍നടപടികള്‍ വേണ്ടെന്നു നിര്‍ദേശിച്ചു. രാജ്ഭവനെ ഇക്കാര്യം അറിയിച്ചു റിപ്പോര്‍ട്ട് നല്‍കി.

Top