2019ലെ പ്രളയം; ഒമ്പതുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ ചെലവിട്ടത് 648.98 കോടി

തിരുവനന്തപുരം: 2019ലെ പ്രളയത്തില്‍ ദുരിതത്തിലായവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ സഹായമെത്തിച്ച് സംസ്ഥാനസര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍നിന്നും യുദ്ധകാലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സഹായമെത്തിച്ചത്.

ഒമ്പതുമാസത്തിനുള്ളില്‍ 648.98 കോടിരൂപയാണ് ഇതിനായി ചെലവാക്കിയത്. തകര്‍ന്ന വീടുകളുടെ നിര്‍മാണത്തിന് 268.88 കോടിയും ബന്ധുവീടുകളിലേക്ക് മാറി താമസിച്ചവര്‍ക്ക് 208.74 കോടിയും സര്‍ക്കാര്‍ നല്‍കി. മാത്രമല്ല ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്ക് 143.64 കോടിയും മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 462 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങാന്‍ 27.72 കോടിയും അനുവദിച്ചു.

അതേസമയം, സാങ്കേതിക തടസ്സംമൂലം സഹായം ലഭിക്കാതെ പോയവര്‍ക്കുള്ള പണം ട്രഷറിയില്‍ നിക്ഷേപിക്കുകയും ഇവരുടെ പ്രശ്നപരിഹാരത്തിന് കാള്‍സെന്റര്‍ തുടങ്ങുകയും ചെയ്തു.

ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി താമസിച്ചവര്‍ക്ക് 10,000 വീടുകള്‍ക്ക് നാശത്തിന്റെ തോതനുസരിച്ച് നാലു ലക്ഷംരൂപമുതല്‍ 10,000 രൂപവരെയാണ് ധനസഹായം നല്‍കിയത്. ഇടനിലക്കാരില്ലാതെ ട്രഷറിവഴി ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ പണം നേരിട്ട് നിക്ഷേപിക്കുകയാണ്.

ക്യാമ്പുകളിലേക്ക് മാറി താമസിച്ച 1,44,207 പേരില്‍ 1,43,642 പേര്‍ക്ക് 10,000 രൂപവീതം നല്‍കി. ബന്ധുവീടുകളിലേക്കു മാറി താമസിച്ച 208747 പേര്‍ക്കും 10,000 രൂപ നല്‍കി. 729 പേര്‍ക്കുമാത്രമാണ് ഈ വിഭാഗത്തില്‍ സഹായം ലഭിക്കാനുള്ളത്. 62,434 വീടാണ് 2019ലെ പേമാരിയിലും ഉരുള്‍പൊട്ടലിലും തകര്‍ന്നത്. ഇതില്‍ 3482 വീടാണ് പൂര്‍ണമായും തകര്‍ന്നത്. 61,418 വീടിന് സഹായമായി 268.88 കോടിരൂപ നല്‍കി.1016 വീടിന് സഹായമെത്തിക്കലും അവസാനഘട്ടത്തിലാണ്.

വീടുകള്‍ തകര്‍ന്നവര്‍ക്ക് നാശത്തിന്റെ തോതനുസരിച്ച് അഞ്ച് വിഭാഗങ്ങളാക്കിയാണ് സഹായം. 74 ശതമാനത്തിന് മുകളില്‍ നാശം- നാല് ലക്ഷംരൂപ. 60-74 ശതമാനം നാശം- 2.5 ലക്ഷംരൂപ. 30-59 ശതമാനം നാശം- 1.25 ലക്ഷംരൂപ. 16-29 ശതമാനം നാശം- 60,000 രൂപ. 15 ശതമാനത്തില്‍ താഴെ നാശം 10,000 രൂപ

Top