65വയസ്സിനു മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് സംവിധാനം; അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 65വയസ്സിനു മുകളിലുള്ളവര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ പോസ്റ്റല്‍ വോട്ട് സംവിധാനം അനുവദിക്കുന്നതിനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്ന സാഹചര്യത്തിലാണ് പ്രായമായവര്‍ക്ക് ബൂത്തിലെത്താതെ വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യമൊരുക്കുന്നതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു.

80 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും പോസ്റ്റല് വോട്ട് അനുവദിച്ചുകൊണ്ട് 2019 ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തിരുന്നു. പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നതിനുള്ള പ്രായപരിധി 80 വയസ്സില്‍ നിന്ന് 65 വയസ്സാക്കി കുറയ്ക്കാനുള്ളതാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം. നിയമമന്ത്രാലയം ഇത് അംഗീകരിക്കുന്ന മുറയ്ക്ക് ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

പോളിങ് ബൂത്തില്‍ എത്താന്‍ കഴിയാത്ത വോട്ടര്‍മാരെ പ്രത്യേക വിഭാഗമാക്കി കണക്കാക്കി പോസ്റ്റല്‍ വോട്ടുകള്‍ അനുവദിക്കാനാണ് നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നത്. ഇതിന് അര്‍ഹതയുള്ളവരെ വോട്ടര്‍ പട്ടികയില്‍ പ്രത്യേകം രേഖപ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് സമയത്ത് ഇതിനായി ഉദ്യോസ്ഥരെ നിയോഗിക്കുമെന്നും പ്രത്യേക കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Top