ഉന്നതതല സമിതിയുടെ നിർദേശം; രാജ്യത്ത് ക്രിപ്‌റ്റോകറൻസികളുടെ നിരോധനം ഉടൻ

Bitcoin

രാജ്യത്ത് ബിറ്റ്‌കോയിൻ ഉൾപ്പടെയുള്ള ക്രിപ്‌റ്റോ കറൻസികൾ ഉടനെ നിരോധിച്ച് ഉത്തരവിറക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ക്രിപ്‌റ്റോകറൻസികളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതിയുടെ നിർദേശമനുസരിച്ചാണിതെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ പുറത്തിറക്കുന്ന വിർച്വൽ കറൻസികൾക്കുമാത്രമായിരിക്കും രാജ്യത്ത് ഇടപാടിന് അനുമതി നൽകുക. ക്രിപ്‌റ്റോകറൻസി ട്രേഡിങ് സംബന്ധിച്ച് കർശനനിർദേശങ്ങൾ പുറപ്പെടുവിക്കാൻ പദ്ധതിയുണ്ടോയെന്ന രാജ്യസഭയിലെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട ഇടപാടുകൾ അനുവദിക്കുന്നതിന് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. 2018-19 ബജറ്റ് പ്രസംഗത്തിൽ ക്രിപ്‌റ്റോകറൻസികളെ അംഗീകൃത വിനിമയ ഉപാധിയായി രാജ്യം അംഗീകരിക്കുന്നില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ സുപ്രീം കോടതി ക്രിപ്‌റ്റോ കറൻസി ഇടപാടുകളുടെ വിലക്ക് നീക്കിയതോടെയാണ് ബില്ലുമായി സർക്കാർ രംഗത്തുവന്നത്.

ഉടനെ തന്നെ നിരോധന ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ട്. ആർബിഐ, സെബി എന്നീ റെഗുലേറ്ററി സംവിധാനങ്ങൾക്കൊന്നും ക്രിപ്‌റ്റോകറൻസികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂടില്ല. കറൻസികളോ ആസ്തികളോ ഉപഭോക്താവ് നൽകുന്ന സെക്യൂരിറ്റികളോ ചരക്കുകളോ അല്ലാത്തതുകൊണ്ടാണ് നിലവിലെ സംവിധാനമുപയോഗിച്ച് അതിനുകഴിയാത്തത്.

അതേസമയം, ഇന്ത്യൻ രൂപയുടെ ഡിജിറ്റൽ പതിപ്പ് അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ഈമാസം തുടക്കത്തിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്ത് ക്രിപ്‌റ്റോകറൻസിക്ക് പകരം ഡിജിറ്റൽ കറൻസി പ്രചാരത്തിൽ വന്നേക്കും.

Top