പാര്‍ലമെന്റില്‍ എന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ കഴിയില്ല; ജാമ്യത്തില്‍ ഇറങ്ങിയ ചിദംബരം

എന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ ജയില്‍മോചിതനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി. ‘പാര്‍ലമെന്റില്‍ എന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കില്ല’, എന്നാണ് ചിദംബരം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചത്.

ആഗസ്റ്റ് 21ന് സിബിഐ അറസ്റ്റ് ചെയ്ത ചിദംബരം മൂന്ന് മാസത്തോളം ഡല്‍ഹി തിഹാര്‍ ജയിലിലായിരുന്നു. 2007ല്‍ ധനമന്ത്രി പദത്തില്‍ ഇരിക്കവെ ഐഎന്‍എക്‌സ് മീഡിയ ഗ്രൂപ്പിന് വിദേശ ഫണ്ട് ലഭ്യമാക്കാന്‍ ചിദംബരം അനധികൃത ഇടപെടലുകള്‍ നടത്തിയെന്നാണ് ആരോപണം. സിബിഐ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും
ഇതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെയാണ് ചിദംബരത്തിന്റെ മോചനം വൈകിയത്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ശക്തമായ നിബന്ധനകളോടെയാണ് പരമോന്നത കോടതി ബുധനാഴ്ച കോണ്‍ഗ്രസ് നേതാവിന് ജാമ്യം അനുവദിച്ചത്. 2 ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും, മറ്റ് രണ്ട് പേരുടെ ജാമ്യത്തിലുമാണ് ചിദംബരം പുറത്തിറങ്ങിയത്.

കേസുമായി ബന്ധപ്പെട്ട് അഭിമുഖങ്ങളും, പ്രസ്താവനകളും ഇറക്കുന്നതിന് വിലക്കുണ്ട്. കൂടാതെ സാക്ഷികളെ സ്വാധീനിക്കാനോ, തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Top