govt-bar issue

തിരുവനന്തപുരം: സംസ്ഥാനം വ്യാജമദ്യ ദുരന്ത ഭീഷണിയിലായതോടെ മദ്യനയം സമഗ്രമായി പൊളിച്ചെഴുതാൻ സർക്കാർ നീക്കം.

മലപ്പുറം ഉപതിരഞ്ഞെടുപ്പിനു ശേഷം ഇടതുമുന്നണി യോഗം വിളിച്ചു ചേർത്ത് ബദൽ സംവിധാനമുണ്ടാക്കാനാണ് ആലോചിക്കുന്നത്.

മദ്യനിരോധനമല്ല മദ്യവർജ്ജനമാണ് തങ്ങളുടെ നയമെന്ന് സിപിഎമ്മും സിപിഐയും മുൻപ് തന്നെ നിലപാട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ മുന്നണിയിൽ അനുകൂല തീരുമാനമെടുക്കന്നതിന് തടസ്സമുണ്ടാകില്ല.

സംസ്ഥാന – ദേശീയ പാതയോരമല്ലാത്ത, അനുമതി കൊടുക്കാൻ മറ്റ് തടസ്സങ്ങളില്ലാത്ത സ്ഥലങ്ങളിൽ പുതിയ മദ്യശാലകൾക്ക് അനുമതി നൽകുന്ന കാര്യമാണ് പരിഗണനയിൽ. ഇതോടൊപ്പം സംസ്ഥാനപാത ജില്ലാപാതയാക്കി മാറ്റി സുപ്രീംകോടതി ഉത്തരവിനെ മറികടക്കാന്‍ പറ്റുമോ എന്ന കാര്യവും പരിശോധിക്കും.പരമ്പരാഗത വ്യവസായമായ കള്ള് ഷാപ്പുകളടക്കം പൂട്ടേണ്ടി വന്നതും സർക്കാറിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.

ചെത്ത് തൊഴിലാളി മേഖലയിൽ സിപിഎം, സിപിഐ പാർട്ടികളുടെ തൊഴിലാളി സംഘടനകളായ സിഐടിയുവിനും എഐടിയുസി ക്കുമാണ് വൻസ്വാധീനമുള്ളത്. കള്ള് മദ്യത്തിന്റെ ഗണത്തിൽ പെടുത്താൻ പാടില്ലന്നതാണ് സർക്കാർ നിലപാട്.

ബീയർ – വൈൻ പാർലറുകളിലെയും മറ്റ് മദ്യവിൽപ്പന കേന്ദ്രങ്ങളിലെയും തൊഴിലാളികളുടെ പുനരധിവാസവും ഒരു പ്രശ്നം തന്നെയാണ്.

ഞായറാഴ്ചയോടെ സംസ്ഥാനത്ത് പൂട്ടുവീണത് 1956 മദ്യശാലകൾക്കാണ്. ദേശീയ -സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതിയുടെ കർശന നിർദ്ദേശത്തോടെ രാജ്യത്ത് ഭൂരിഭാഗം മദ്യശാലകളും അടഞ്ഞുകിടക്കുന്ന അവസ്ഥയിലാണ്.

ഇത്രയും മദ്യവിൽപ്പന ശാലകൾക്ക് ഒറ്റയടിക്ക് താഴു വീണതോടെ വ്യാജമദ്യ വിൽപ്പന വ്യാപകമാകുമെന്ന ആശങ്കയും ശക്തമാണ്.

തൊഴിലാളികളുടെ പുനരധിവാസം, സാമൂഹികമായി ഒറ്റയടിക്ക് മദ്യം നിർത്തുന്നതിന്റെ ഭാഗമായുണ്ടാകുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ തുടങ്ങിയവ മറ്റ് സംസ്ഥാനങ്ങളെ പോലെ കേരള സർക്കാറിനു മുന്നിലും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

സാമ്പത്തിക അടിത്തറ തകർന്ന് കിടക്കുന്ന സംസ്ഥാന ഖജനാവിന് മദ്യ വരുമാനത്തിൽ ലഭിക്കേണ്ട 2500 കോടിയാണ് ഇനി മുതൽ ഒറ്റയടിക്ക് നഷ്ടമാകുക.

മദ്യപാനം മൂലം സൂഹത്തിലുണ്ടാകുന്ന ദുരന്തത്തേക്കാൾ വലുതല്ല ഈ കോടികളുടെ നഷ്ടമെന്ന വാദം മദ്യവിരുദ്ധ സംഘടനകൾ ഉയർത്തുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പോക്കിന് ഇത്രയും വലിയ തുകയുടെ നഷ്ടം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക.

നികുതി ഇനത്തിൽ ഇന്ധനത്തിൽ നിന്നും പ്രതിവർഷം 8,000 കോടി ലഭിക്കുമ്പോൾ തൊട്ട് പിന്നാലെ 7,500 കോടി ലഭിക്കുന്നത് മദ്യത്തിൽ നിന്ന് മാത്രമാണ്.

ശമ്പളവും പെൻഷനുമടക്കമുള്ള ചിലവുകൾക്കായി മുഖ്യമായും സംസ്ഥാനം ആശ്രയിക്കുന്നതും ഈ മദ്യ വരുമാനത്തെയാണ്. ഒരു വർഷത്തെ ശരാശരി നികുതി വരുമാനമായ 40,000 കോടി രൂപയിൽ ഇരുപത്തിയഞ്ച് ശതമാനമാണ് മദ്യത്തിൽ നിന്നും ലഭിക്കുന്നത്. ഈ മേഖല തകർന്നാൽ ഖജനാവു തന്നെ താറുമാറാകും.

ബീവറേജ് കോർപ്പറേഷന്റെ കീഴിലുള്ള പൂട്ടിയ ഔട് ലൈറ്റുകൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാൻ അവസരം നൽകിയത് പോലെ ഇപ്പോൾ അടച്ചിടേണ്ടി വന്ന ബീയർ – വൈൻ പാർലറുകൾക്കും ക്ലബുകൾക്കും മറ്റ് മദ്യശാലകൾക്കും അനുമതി നൽകുന്നതിനെ കുറിച്ച് സർക്കാർ തീരുമാനമെടുക്കണമെന്നതാണ് ഇടത് നേതാക്കൾക്കിടയിലുയർന്നിരിക്കുന്ന അഭിപ്രായം.

ഇത് സർക്കാർ തീരുമാനമായി പുറത്തു വന്നാലും പുതിയ സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിച്ച് വേണം തുടങ്ങാൻ എന്നതിനാൽ വലിയ സാമ്പത്തിക ബാധ്യത തന്നെ മദ്യ മുതലാളിമാർക്കുണ്ടാകും. അതിനാൽ തന്നെ മാറ്റി സ്ഥാപിക്കേണ്ടി വന്നാൽ ഇളവുകളും ബീയർ – വൈൻ പാർലറുകൾക്കൊപ്പം വിദേശമദ്യം വിൽക്കുന്നതിനുള്ള ലൈസൻസ് പുനസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടേക്കും.

എല്ലാം ‘തീരുമാനമാക്കിയാലും’ ഇങ്ങനെ പാതയോരം വിട്ട് ഉൾപ്രദേശത്ത് മദ്യശാല തുടങ്ങാൻ ശ്രമിച്ചാൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വരാനുള്ള സാധ്യതയും കൂടുതലാണ്.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മദ്യ മുതലാളിമാർ സർക്കാർ ചില വിട്ടുവീഴ്ചകൾ ചെയ്ത് ‘ ഉചിത ‘ മായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണിപ്പോൾ കാത്തു നിൽക്കുന്നത്.

നയപരമായ കാര്യങ്ങൾക്ക് ഇടതു മുന്നണിയുടെ അനുമതി സർക്കാറിന് ആവശ്യമായതിനാലാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പിനു ശേഷം മുന്നണി യോഗം വിളിച്ചു ചേർക്കുന്നത്. ധനകാര്യ മന്ത്രിയുടെ നിലപാടും യോഗം ചർച്ച ചെയ്യും.

സംസ്ഥാനത്തെ 11 പഞ്ചനക്ഷത്ര ഹോട്ടലുകൾ പൂട്ടുന്നത് ടൂറിസം മേഖലക്ക് വൻ തിരിച്ചടിയായി മാറിയിട്ടുണ്ട്. ഇവർക്ക് ബാർ ലൈസൻസിനായി ഉൾപ്രദേശത്ത് ഹോട്ടൽ സമുച്ചയം കെട്ടി പൊക്കാൻ കഴിയില്ല എന്നതിനാൽ ഇവിടുത്തെ ബാറുകൾ അടഞ്ഞു തന്നെ കിടക്കും.

രാജ്യാന്തര കോൺഫറൻസുകൾ പലതും ശ്രീലങ്കയിലേക്ക് മാറാനാണ് ഇനി സാധ്യത.

അതേസമയം മദ്യവില്‍പ്പനശാലകളുടെ പ്രതിസന്ധി മറികടക്കുന്നതിനായി സര്‍ക്കാര്‍ ബദല്‍മാര്‍ഗങ്ങള്‍ തേടാനൊരുങ്ങുകയാണ്. ഇതിനായി സര്‍ക്കാര്‍ എ ജിയുടെ നിയമോപദേശം തേടി. മദ്യശാലകള്‍ മാറി സ്ഥാപിക്കുന്നതിന് മൂന്നുമാസത്തെ സാവകാശം തേടാനാണ് സര്‍ക്കാര്‍ നീക്കം. ദേശീയ സംസ്ഥാന പാതയോരത്തെ മദ്യവില്‍പനശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനാണ് സാവകാശം തേടുന്നത്. ഇതിന്റെ നിയമസാധുത പരിശോധിക്കാന്‍ എ.ജിക്കും നിയമവകുപ്പിനും എക്‌സൈസ് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ 1956 മദ്യശാലകള്‍ പൂട്ടിയതോടെ കേരളം വന്‍ സാമ്പത്തിക പതിസന്ധിയാണ് നേരിടുന്നത്. സംസ്ഥാനത്തിന്റെ വാര്‍ഷിക വരുമാനത്തില്‍ 4000,5000 കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.

Top