ഇന്ത്യയില്‍ കലാപ ആഹ്വാനം; 20 പാക് യൂട്യൂബ് ചാനലുകള്‍ക്കും 2 സൈറ്റുകള്‍ക്കും പൂട്ടിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയ പാകിസ്ഥാന്റെ ഇരുപത് യൂട്യൂബ് ചാനലുകളും രണ്ട് വെബ്സൈറ്റുകളും നിര്‍ത്തലാക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

പാകിസ്ഥാനില്‍ നിന്നും പ്രവര്‍ത്തിച്ചിരുന്ന ഈ ചാനലുകള്‍ ഇന്റര്‍നെറ്റില്‍ രാജ്യ വിരുദ്ധ പ്രചാരണങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചതിനാണ് ഇത്തരത്തിലൊരു നീക്കമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ചാനലുകള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും രാജ്യത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന രീതിയില്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നവയായിരുന്നു.

കശ്മീര്‍ വിഷയം, ഇന്ത്യന്‍ സൈന്യം, രാമക്ഷേത്രം, ന്യൂനപക്ഷ സമുദായങ്ങള്‍, അന്തരിച്ച സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്ത് തുടങ്ങി രാജ്യത്തിനെതിരെ ആയുധമാക്കാന്‍ പല വിഷയങ്ങളും ഈ ചാനലുകള്‍ ഉപയോഗിച്ചിരുന്നു.

മാത്രമല്ല, കര്‍ഷക പ്രതിഷേധവും, പൗരത്വ ഭേദഗതിനിയമവും ബന്ധപ്പെട്ട ഉള്ളടക്കം തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ മതന്യൂനപക്ഷങ്ങളെ ഇളക്കിവിടാന്‍ ചില ചാനലുകള്‍ ശ്രമിച്ചു എന്നും കേന്ദ്രസര്‍ക്കാര്‍ ചാനലുകള്‍ക്കെതിരെ ചൂണ്ടിക്കാട്ടുന്നുണ്ട്.

അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ജനാധിപത്യ പ്രക്രിയയെ തന്നെ ബാധിക്കുന്ന രീതിയിലാണ് ചാനലിലെ വാര്‍ത്തകളുടെ ഉള്ളടക്കമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

Top