ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുത്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നേരത്തെയുള്ള ജാമ്യ വ്യവസ്ഥ ഇബ്രാഹിം കുഞ്ഞ് ലംഘിച്ചുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു.

എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതി സമീപിച്ചത്. എന്നാല്‍ ഇതിനെ സര്‍ക്കാര്‍ എതിര്‍ത്തു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് ഹാജരാക്കിയാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യം നേടിയത്.

എന്നാല്‍ ഇതിന് വിരുദ്ധമായി അദ്ദേഹം രാഷ്ട്രീയ വേദികളിലെത്തുകയും പ്രസ്താവന നടത്തുകയും ചെയ്തുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി ഹര്‍ജി തള്ളുമെന്ന ഘട്ടമെത്തിയപ്പോള്‍ ഇബ്രാഹിം കുഞ്ഞ് ഹര്‍ജി പിന്‍വലിച്ചു.

Top