സർക്കാറിന്റെ ആ നീക്കം അപ്രതീക്ഷിതം, പ്രതിപക്ഷത്തിനും സ്വീകാര്യമായ നീക്കം !

തിരുവനന്തപുരം: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതു സംബന്ധിച്ച് കോൺഗ്രസ്സ് പ്രതിഷേധം ശക്തമായിരിക്കെ പ്രതിഷേധകരെ വായടപ്പിച്ച് സർക്കാറിന്റെ തന്ത്രപരമായ നീക്കം. സംഭവസ്ഥലത്തുണ്ടായിരുന്ന ഡി.വൈ.എസ്.പിയെ സസ്പെന്റ് ചെയ്തതിനോടൊപ്പം അന്വേഷണത്തിന് ശക്തനായ ഒരു ഉദ്യോഗസ്ഥനെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെയെയും ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷേക്ക് ദർവേഷ് സാഹിബ് എന്നിവരെ ഒഴിവാക്കി പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാമിനെയാണ് സർക്കാർ അന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

കോൺഗ്രസ്സ് – യു.ഡി.എഫ് നേതാക്കളെയും പ്രവർത്തകരെയും സംബന്ധിച്ച് ഇത് തികച്ചും അപ്രതീക്ഷിതം തന്നെ ആയിരുന്നു. ക്രമസമാധാന ചുമതലയുള്ള ഏതെങ്കിലും ഐ.പി.എസ് ഓഫീസർമാർ കേസ് അന്വേഷിക്കുമെന്നാണ് പ്രതിപക്ഷ നേതാക്കൾ കരുതിയിരുന്നത്. അങ്ങനെ വന്നാൽ അന്വേഷണം പ്രഹസനമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതികരിക്കാനായിരുന്നു നീക്കം. എന്നാൽ മനോജ് എബ്രഹാം അന്വേഷണ സംഘതലവനായതോടെ ഇക്കാര്യത്തിൽ ഒന്നും പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് കോൺഗ്രസ്സ് നേതൃത്വം.

സംസ്ഥാന പൊലീസിലെ ഏറ്റവും ശക്തനായ പൊലീസ് ഉദ്യോഗസ്ഥനായി അറിയപ്പെടുന്ന മനോജ് എബ്രഹാം കർക്കശ നടപടികളിലൂടെ യു.ഡി.എഫ് ഭരണകാലത്തും ഇടതുപക്ഷ ഭരണകാലത്തും ഒരുപോലെ ശ്രദ്ധേയനായ ഓഫീസറാണ്. ഡൽഹിയിലെ സി.ബി.ഐ ഉന്നതർ ആഗ്രഹിച്ചപ്പോൾ പോലും ഡെപ്യൂട്ടേഷനോട് മുഖം തിരിക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്.

എ കെ ആന്റണി മുഖ്യമന്ത്രിയും കെ.ജെ. ജോസഫ് സംസ്ഥാന പൊലീസ് മേധാവിയും ആയിരിക്കെ കണ്ണൂർ എസ്.പിയായിരുന്നു മനോജ് എബ്രഹാം കലാപ കലുഷിതമായ കണ്ണൂരിലെ ആക്രമണങ്ങളെ ഉരുക്കു മുഷ്ടി ഉപയോഗിച്ചാണ് അടിച്ചമർത്തിയിരുന്നത്. മനോജ് ജില്ലയിൽ തുടർന്ന നാല് വർഷവും ക്രിമിനലുകളെ സംബന്ധിച്ച് ‘കലി കാലം’ തന്നെയായിരുന്നു.കൊച്ചി, തിരുവനന്തപുരം കമ്മീഷണറായപ്പോൾ അദ്ദേഹം ഗുണ്ടകൾക്കെതിരെ സ്വീകരിച്ച നിലപാടും ഏറെ ശ്രദ്ധയമായിരുന്നു. തിരുവനന്തപുരം എം.ജി കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് സി.ഐക്ക് നേരെ ബോംബേറ് ഉണ്ടായപ്പോൾ അക്രമികളെ പിടിക്കാൻ കോളജ് കാമ്പസിൽ കയറി പൊലീസ് നടപടിക്ക് നേതൃത്വം കൊടുത്തതും സിറ്റി പൊലീസ് കമ്മീഷണറായിരുന്ന മനോജ് എബ്രഹാമായിരുന്നു. ഒടുവിൽ പൊലീസിനെ പിന്തിരിപ്പിക്കാൻ അന്നത്തെ സോണൽ ഐ.ജിക്കു തന്നെ നേരിട്ട് കാമ്പസിൽ എത്തേണ്ടി വന്നിരുന്നു. ഇതുപോലെ നിരവധി പൊലീസ് നടപടികൾക്ക് നേതൃത്വം കൊടുത്ത മനോജ് എബ്രഹാമിന്റെ നിഷ്പക്ഷതയിൽ, സി.പി.എമ്മിനു മാത്രമല്ല, കോൺഗ്രസ്സിനെ സംബന്ധിച്ചും മറിച്ചൊരു അഭിപ്രായമില്ലന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടു തന്നെയാണ് രാജ്യശ്രദ്ധ പിടിച്ചു പറ്റിയ ആക്രമത്തിൻ്റെ കേസന്വേഷണം മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് മനോജ് എബ്രഹാമിനെ ഏൽപ്പിച്ചിരിക്കുന്നത്.

വയനാട് സംഭവത്തിൽ തുടക്കം മുതൽ ശക്തമായ നിലപാടാണ് സി.പി.എമ്മും സർക്കാറും സ്വീകരിച്ചിരിക്കുന്നത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും പരസ്യമായി തന്നെയാണ് ആക്രമണത്തെ തള്ളിപ്പറഞ്ഞിരിക്കുന്നത്.ഇതിൽ നിന്നു തന്നെ സി.പി.എം ഉന്നത നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയതെന്നതും വ്യക്തമായിരിക്കുകയാണ്.

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും തള്ളിപ്പറയുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലന്നും എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്നത് സംഘടനാപരമായി പരിശോധിച്ച് സമരത്തിന് നേതൃത്വം നൽകിയ പ്രവർത്തകർക്ക് നേരെ ശക്തവും മാതൃകാപരവുമായ സംഘടനാ നടപടി സ്വീകരിക്കുവാനാണ് എസ്.എഫ്.ഐ തീരുമാനം. വയനാട് ജില്ലാ കമ്മറ്റി തന്നെ പിരിച്ചുവിടാനാണ് നേതൃത്വം ആലോചിക്കുന്നത്.

അതേസമയം, സർക്കാറും സി.പി.എമ്മും എസ്.എഫ്.ഐ നേതൃത്വവും അക്രമത്തെ തള്ളിപ്പറഞ്ഞിട്ടും പ്രതിഷേധ പരിപാടികളിൽ നിന്നും പിൻമാറാൻ കോൺഗ്രസ്സും പോഷക സംഘടനകളും തയ്യാറായിട്ടില്ല. ഇത് സംസ്ഥാന വ്യാപകമായി വലിയ സംഘർഷത്തിലാണ് കലാശിച്ചിരിക്കുന്നത്.ഇതോടെയാണ് വെള്ളിയാഴ്ച രാത്രിയോടെ തന്നെ കൽപ്പറ്റ ഡി.വൈ.എസ്.പിയെ സസ്പെൻ്റ് ചെയ്ത ഉത്തരവും, എ.ഡി.ജി.പി മനോജ് എബ്രഹാമിന് അന്വേഷണ ചുമതല കൈമാറിയ പ്രത്യേക ഉത്തരവും പുറത്തിറങ്ങിയിരിക്കുന്നത്.ഇതോടെയാണ് രാത്രിയിലും തുടർന്ന കനത്ത പ്രതിഷേധത്തിന് അയവു വന്നിരുന്നത്.തുടർന്ന് ഓഫീസ് ആക്രമിച്ച കേസിൽ പൊലീസ് നടപടിയും ശക്തമായി.19 എസ്എഫ്ഐ പ്രവർത്തകരെയാണ് പൊലീസ് അർദ്ധരാത്രി അറസ്റ്റ് ചെയ്തിരിക്കുന്നത്. എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. ഇവരെ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യാഗസ്ഥരെയും വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം പെട്ടന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം.എം.പി ഓഫീസ് ആക്രമണം സംബന്ധിച്ച് അന്വേഷിച്ച്, ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരിക്കുന്ന നിർദ്ദേശം.

Top