കുട്ടിക്ക് ചികിത്സ ഉറപ്പാക്കും,പരിഹാസത്തിന്റെ ഡയലോഗിനോട് കേരളം പൊറുക്കില്ല: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സഹായം ചോദിച്ചു വരുന്നവരെ ആട്ടിയോടിക്കുകയല്ല, ചേര്‍ത്തു പിടിക്കുകയാണ് കേരളത്തിന്റെ സംസ്‌കാരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കുഞ്ഞിന് വേണ്ടി ചികിത്സ സഹായം ചോദിച്ച കുടുംബത്തെ ബിജെപി നേതാവ് സുരേഷ് ഗോപി പരിഹസിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് ഗോവിന്ദന്‍ ഇക്കാര്യം പറഞ്ഞത്. കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ ചികിത്സ ഉറപ്പാക്കുമെന്നും പരിഹാസത്തിന്റെ ഡയലോഗിനോട് കേരളം പൊറുക്കില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

എംവി ഗോവിന്ദന്‍ പറഞ്ഞത്: ‘അപൂര്‍വ രോഗം ബാധിച്ച രണ്ടു വയസുകാരന് കേരളം സ്നേഹത്തണല്‍ ഒരുക്കും. സഹായം ചോദിച്ചുവരുന്നവരെ ആടിയോടിക്കുകയല്ല, ചേര്‍ത്തുപിടിക്കുകയാണ് കേരളത്തിന്റെ സംസ്‌കാരം. ആ കരുതല്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. കുട്ടിയുടെ കുടുംബവുമായി ഫോണില്‍ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഉടന്‍ തന്നെ അവരെ നേരില്‍ കാണാനാകുമെന്നും പ്രതീക്ഷിക്കുന്നു. കുട്ടിക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് അവരെ അറിയിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകന് വേണ്ടിയാണ് അപൂര്‍വ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് ആരോഗ്യ വകുപ്പ് നല്‍കുന്നത്. മലയാളിയുടെ സ്നേഹവും കരുതലും ഒരിക്കല്‍ക്കൂടി ലോകത്തിനു മുമ്പില്‍ തെളിമയോടെ നില്‍ക്കും.’

അപൂര്‍വ രോഗം ബാധിച്ച രണ്ടു വയസുകാരന്റെ ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജും പറഞ്ഞിരുന്നു. ‘കോയമ്പത്തൂര്‍ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകനാണ് ആരോഗ്യ വകുപ്പ് അപൂര്‍വ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് നല്‍കുന്നത്. കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചത്.’ കുഞ്ഞിന്റെ അമ്മയെ വിളിച്ച് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

Top