ഗവര്‍ണറുടെ നിലപാട് ദുരൂഹം; സര്‍ക്കാര്‍ ഒരു ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി

തിരുവനന്തപുരം: കണ്ണൂര്‍, കാലടി സര്‍വകലാശാലാ വി സി നിയമനങ്ങളില്‍ സര്‍ക്കാരിനോട് ഇടഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദുരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ചാന്‍സലര്‍ പദവിയിലിയിലിരിക്കുന്ന ആള്‍ക്ക് വിവേചാനാധികാരമുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ട ആളല്ല ചാന്‍സലര്‍. സര്‍ക്കാര്‍ അദ്ദേഹത്തിന് മേല്‍ ഒരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഗവര്‍ണറുമായി ഒരു ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല. ചാന്‍സലര്‍ പദവി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ തന്നെ തുടരണം എന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹം.

സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ തുടര്‍ന്നുമൊരുക്കും. ഗവര്‍ണര്‍ ഇങ്ങനെയൊരു നിലപാട് എടുക്കേണ്ട സാഹചര്യമില്ല. ഗവര്‍ണറും സര്‍ക്കാരും ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം സര്‍വകലാശാലാ വിവാദത്തില്‍ അണുവിടപോലും അയയാതെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണ്ണര്‍. ചാന്‍സലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ആറ് ദിവസമായി ഭരണത്തലവന്‍ ഇല്ലാത്ത സാഹചര്യമാണ്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിര്‍ദേശമാണ് രാജ്ഭവന്‍ ഉദ്യാഗസ്ഥര്‍ക്ക് ഗവര്‍ണ്ണര്‍ നല്‍കിയിരിക്കുന്നത്.

Top